ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നാടുകടത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. മുൻപ് നവാസ് ഷരീഫിനെയും ബേനസീർ ഭൂട്ടോയെയും നാടുകടത്തിയതിന് സമാനമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പിന് വിധേയനാക്കാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് മഹ്മൂദ്ഖാൻ അചക്സായി ആരോപിച്ചതായി ഡോൺ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച പെഷവാർ ഹൈക്കോടതിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അചക്സായി ഈ അവകാശവാദം ഉന്നിച്ചത്.
മുൻപ് പാകിസ്ഥാനിൽ സൈനിക അട്ടിമറികളോ രാഷ്ട്രീയ അട്ടിമറികളോ ഉണ്ടായപ്പോൾ പ്രമുഖ നേതാക്കൾ രാജ്യം വിടേണ്ടിവന്ന സാഹചര്യത്തെ മുൻനിർത്തിയാണ് അചക്സായിയുടെ പരാമർശം. അന്നത്തെ കരസേനാ മേധാവി പർവേസ് മുഷറഫ് നടത്തിയ സൈനിക അട്ടിമറിയിലൂടെ നവാസ് ഷരീഫ് പുറത്താക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിരുന്നു.
തുടർന്ന് 2000ൽ സൗദി, ലെബനീസ് നേതാക്കളുടെ മദ്ധ്യസ്ഥതയിൽ ഒപ്പിട്ട രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് നവാസ് ഷരീഫ് പാകിസ്ഥാൻ വിട്ടത്. സമാനമായി 1997ലെ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ബേനസീർ ഭൂട്ടോയും സ്വയം പ്രഖ്യാപിത നാടുകടത്തലിൽ വിദേശത്തേക്ക് പോയിരുന്നു. അവരുടെ ഭർത്താവ് ആസിഫ് അലി സർദാരിയെ അഴിമതിക്കേസിൽ ജയിലിലടയ്ക്കപ്പെടുകയും 2004ൽ മോചിതനാകുകയും ചെയ്തു.
ഇതേ മാതൃകയിൽ ഇമ്രാൻ ഖാനെയും നാടുകടത്താനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജയിലിൽ കഴിയുന്ന പ്രതികൾക്ക് സന്ദർശകരെ അനുവദിക്കാത്ത സർക്കാർ നടപടിയെയും അചക്സായി ശക്തമായി വിമർശിച്ചു.