കെ സുധാകരനെ പുകച്ച് പുറത്താക്കിയതു പോലെ തനിക്കെതിരെയും നീക്കം : വീണ്ടും തുറന്നടിച്ച് അടൂർ പ്രകാശ്

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ പുകച്ച് പുറത്തു ചാടിച്ചപോലെ തനിക്കെതിരെയും നീക്കം നടക്കുന്നുണ്ടെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അടൂർ പ്രകാശ് ഇക്കാര്യം തുറന്നുപറഞ്ഞത്. യു,​ഡി.എഫ് കൺവീനറെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

കെ. സുധാകരനെ ഒറ്റപ്പെടുത്തി അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുകച്ചു ചാടിക്കുകയായിരുന്നു. അതേ ഉപജാപക സംഘം തനിക്കെതിരെയും പ്രവർത്തിക്കുന്നുണ്ടെന്ന് സംശയമുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. സർക്കാരിന്റെ പല സുപ്രധാന തീരുമാനങ്ങളും യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ അറിയിക്കാറില്ലെന്നും മാദ്ധ്യമങ്ങളിലൂടെയാണ് പല കാര്യങ്ങളും താൻ അറിയുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ വിമാന യാത്രാവിവാദത്തെ കുറിച്ചും അടൂർ പ്രകാശ് പ്രതികരിച്ചു. ജനങ്ങൾക്ക് ഒJG സംശയവും ഉണ്ടാകാൻ പാടില്ല,​. സംശയം ഉണ്ടാകാതിരിക്കുന്നതിന് വ്യക്തമായ മറുപടി നൽകാനുള്ള ചങ്കൂറ്റം ഭരണാധികാരികൾ കാണിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും വിദേശരാജ്യങ്ങളിൽ പോകുന്നതിൽ താൻ അപാകതയൊന്നും കാണുന്നില്ല. ഓരോ രാജ്യത്തെയും വികസന മാതൃകകൾ നേരിൽകണ്ട് മനസിലാക്കാൻ ഇത്തരം യാത്രകൾ സഹായിക്കും. അതിനാൽ ഇതിനെ സങ്കുചിതമായ മനസോടെ കണ്ട് വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മനഃപൂർവ്വം വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് പറയുന്നു. മുന്നണി സംവിധാനത്തിൽ പാലിക്കേണ്ട മര്യാദകൾ നിലനിറുത്തണമെന്നാണ് താൻ പ്രധാനമായും ആവശ്യപ്പെടുന്നത്. എൽ.ഡി.എഫിന് സമാനമായി യു.ഡി.എഫ് മന്ത്രിസഭാ ഏകോപന സമിതി വേണമെന്ന കാര്യത്തിലടക്കം അന്തിമ തീരുമാനം എടുക്കേണ്ടത് എ.ഐ.സി.സി ആണെന്നും അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *