ഇറാനിൽ വീണ്ടും ആക്രമണം, ഖ്വേഷം ദ്വീപിൽ രണ്ട് മിസൈലുകൾ പതിച്ചു; സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ്

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഖ്വേഷം ദ്വീപിൽ രണ്ട് മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടെ ഇറാൻ പ്രതിനിധികളുമായി അമേരിക്ക ചർച്ച നടത്തിവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

യുദ്ധം അവസാനിപ്പിക്കാൻ സമാധാന കരാറിലെത്തണമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി അമേരിക്കയോടും ഇറാനോടും ആവശ്യപ്പെട്ടു. ഓക്സ്ഫോർഡ് സർവകലാശാലയിൽ നടന്ന അഭിമുഖത്തിൽ സംസാരിക്കവെ, ശരിയായ സമയത്തിനായി കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാൻ ആണവായുധം സ്വന്തമാക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഇസ്രായേൽ ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ നാസ കെന്നഡി സ്പേസ് സെന്ററിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിലാണ് ഇറാനെതിരായ സൈനിക നടപടികളെ അദ്ദേഹം ന്യായീകരിച്ചത്. ഇറാനെ ആണവായുധം നേടുന്നതിൽ നിന്ന് തടയാൻ അമേരിക്കയുടെ നടപടികൾ സഹായിച്ചെന്നും താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ഇസ്രായേൽ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ അമേരിക്കയും ഇസ്രായേലും നേരിടേണ്ടിവരുമെന്ന് ഇറാൻ സുരക്ഷാ വിഭാഗം മേധാവി ഇബ്രാഹിം അസീസി മുന്നറിയിപ്പ് നൽകി. തെറ്റായ നീക്കമുണ്ടായാൽ ഇറാൻ നിർണായക തിരിച്ചടി നൽകുമെന്നും കടുത്ത വില നൽകാതെ അമേരിക്കൻ സൈന്യത്തിന് മേഖലയിൽനിന്ന് പിന്മാറാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അമേരിക്കൻ ആക്രമണ സാധ്യത കണക്കിലെടുത്ത് ആണവ നിലയങ്ങൾക്ക് സമീപമുള്ള ജനവാസ മേഖലകളിൽ ഇറാൻ അയഡിൻ ഗുളികകൾ വിതരണം ചെയ്യുന്നതായി 'ദി ടൈംസ് ഓഫ് ലണ്ടൻ' റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *