സോഫിയ (ബൾഗേറിയ): ഇസ്രയേലിൽ നിന്നും ഓസ്ട്രിയയ്ക്ക് പോകുകയായിരുന്ന വിമാനത്തിൽ ബോംബ് ഭീഷണി. ഇസ്രയേലിലെ ടെൽ അവീവിൽ നിന്നും ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലേക്ക് പോകുകയായിരുന്ന ഓസ്ട്രിയൻ എയർലൈൻസിന്റെ ഒഎസ്82 വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശമുണ്ടായത്.
ഭീഷണിയെ തുടർന്ന് വിമാനം ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ബൾഗേറിയൻ വാഹന മന്ത്രാലയവും സ്കൈ ന്യൂസും അറിയിക്കുന്ന വിവരമനുസരിച്ച് ആകെ 57 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 51 പേർ യാത്രക്കാരും മറ്റുള്ളവർ ജീവനക്കാരുമായിരുന്നു.
'പറക്കലിനിടെ റൊമേനിയൻ അതിർത്തിക്കടുത്തുവച്ച് വിമാനത്തിൽ നിന്നും ബോംബ് ഭീഷണി സിഗ്നൽ വന്നു. ഇതോടെ പൈലറ്റ് ബൾഗേറിയയിൽ അസാധാരണ ലാൻഡിംഗിന് തുനിയുകയായിരുന്നു.' ബൾഗേറിയൻ വാഹന മന്ത്രാലയം വ്യക്തമാക്കി. വിമാനത്തിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് ബൾഗേറിയൻ യുദ്ധവിമാനത്തിന്റെ അകമ്പടിയോടെ വിമാനം സോഫിയയിലെ വിമാനത്താവളത്തിൽ ഇറക്കി. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. വിമാനത്തിൽ പരിശോധനകൾ നടക്കുകയാണ്.