ഐസിഎസ്ഇ 10,​12 ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ടൈംടേബിൾ പുറത്ത്, അറിയേണ്ട കാര്യങ്ങൾ

ന്യൂഡൽഹി: അടുത്ത വർഷത്തെ ഐസിഎസ്ഇ പത്താം ക്ളാസ്,​ പന്ത്രണ്ടാം ക്ളാസ് ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ആണ് ടൈംടേബിൾ പ്രസിദ്ധീകരിച്ചത്. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാർച്ച് 31ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി ഒമ്പതിന് തുടങ്ങി ഏപ്രിൽ എട്ടിന് പൂർത്തിയാകും.

രണ്ട് പരീക്ഷകളിലുമായി ആകെ 3,79,980 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. 3,106 അംഗീകൃത സ്കൂളുകളിൽ നിന്നായി 2.70 ലക്ഷം വിദ്യാർത്ഥികൾ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പങ്കെടുക്കും. 1,651 സ്കൂളുകളിൽ നിന്നായി 1,10,025 വിദ്യാർത്ഥികളാണ് ഐഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതുന്നത്.

പത്താം ക്ലാസ് പരീക്ഷയുടെ സമയക്രമത്തിൽ ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് ചോദ്യപേപ്പർ വായിക്കാനുള്ള സമയം ആരംഭിക്കും. 10.15 മുതൽ ഉത്തരങ്ങൾ എഴുതിത്തുടങ്ങാം. വിദ്യാർത്ഥികൾ രാവിലെ 9.45ന് പരീക്ഷാഹാളിൽ പ്രവേശിക്കണം. കഴിഞ്ഞ വർഷം രാവിലെ 10.45നായിരുന്നു ചോദ്യപേപ്പർ വായിക്കാനുള്ള സമയം ആരംഭിച്ചിരുന്നത്. 11 മണി മുതലായിരുന്നു ഉത്തരങ്ങൾ എഴുതാൻ അനുവദിച്ചിരുന്നത്.

വിദ്യാർത്ഥികൾക്ക് സിഐഎസ്‌സിഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cisce.org വഴി പരീക്ഷാ സമയക്രമം ഡൗൺലോഡ് ചെയ്യാം. ഡിസംബർ പകുതിയോടെ വിദ്യാർഥികൾക്ക് അഡ്മിഷൻ കാർഡുകൾ വിതരണം ചെയ്യുമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്. പരീക്ഷാ തീയതികൾ, വിഷയങ്ങൾ, പരീക്ഷാ സമയം, ദൈർഘ്യം, പരീക്ഷാദിവസം പാലിക്കേണ്ട നിർദേശങ്ങൾ എന്നിവ ടൈംടേബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *