അബുദാബി: ഒമാനിലെ അൽ അമറാത്തിൽ നടക്കുന്ന അണ്ടർ-19 ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 309 റൺസ് നേടി. ഇന്ത്യയുടെ ഓപ്പണിംഗ് താരവും വിരേന്ദർ സെവാഗിന്റെ മകനുമായ ആര്യവീർ സെവാഗിന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യൻ ടീം കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. 168 പന്തിൽ 160 റൺസാണ് ആര്യവീർ നേടിയത്. 16 ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
ടോസ് നേടിയ യുഎഇ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ആര്യവീറും ക്യാപ്റ്റൻ ലക്ഷ്യ രാജേഷ് റായ്ചന്ദാനിയും ചേർന്നാണ് ഇന്നിംഗ്സ് ആരംഭിച്ചത്. ഇരുവരും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. 32 പന്തിൽ 17 റൺസെടുത്ത ലക്ഷ്യയാണ് ആദ്യം പുറത്തായത്. തുടർന്ന് ക്രീസിലെത്തിയ വി കെ വിനീതിനൊപ്പം ചേർന്ന് ആര്യവീർ മത്സരം മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.
40 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെന്ന ശക്തമായ നിലയിലായിരുന്നു. വിനീത് 69 പന്തിൽ 67 റൺസ് നേടി പുറത്തായി. ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ് ഒമ്പത് പന്തിൽ നിന്നും 12 റൺസാണ് നേടിയത്. 50 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് സ്വന്തമാക്കി.
പാകിസ്ഥാനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റിന് തോൽവി വഴങ്ങിയ ശേഷമാണ് ഇന്ത്യ യുഎഇയെ നേരിടുന്നത്. ആ മത്സരത്തിൽ ആര്യവീറിനും രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡിനും വലിയ സ്കോർ നേടാനായിരുന്നില്ല. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നിർണായകമാണ്. ഗ്രൂപ്പ് എയിൽ നിന്ന് സെമിഫൈനലിലേക്ക് മുന്നേറാനുള്ള പോരാട്ടത്തിലാണ് ടീം ഇന്ത്യ.