ലക്നൗ: ഉത്തർപ്രദേശിൽ ചാവേറാക്രമണ പദ്ധതി തകർത്തു. കരസേനാ ക്യാമ്പിനുനേരെയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. സംഭവത്തിൽ ഓൺലൈൻ തീവ്രവാദ ശൃംഖലയുമായി ബന്ധമുള്ള 22 വയസുകാരനെ മീററ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഒളിവിൽക്കഴിയുകയായിരുന്നു. പാകിസ്ഥാന്റെ പിന്തുണയുള്ള തീവ്രവാദ ശൃംഖലയുമായാണ് യുവാവിന് ബന്ധമുണ്ടായിരുന്നത്.
മീററ്റിലെ ബനിയപദ സ്വദേശി ഉസൈദ് ആണ് അറസ്റ്റിലായത്. കോട്ട്വാലി പൊലീസും സ്വാറ്റ് സംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ അറസ്റ്റിലായത്. ജയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ ആരാധകനായിരുന്നു ഇയാൾ. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഇന്ത്യാവിരുദ്ധ ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ജമ്മുകാശ്മീർ സ്വദേശി മുഹമ്മദ് സാജിദുമായി ചേർന്നാണ് ഉസൈദ് ഓൺലൈൻ തീവ്രവാദ ശ്യംഖല പ്രവർത്തിപ്പിച്ചിരുന്നത്. പാകിസ്ഥാനി ഗുണ്ടാനേതാവ് ഷഹ്സാദ് ഭാട്ടി ഇതിന് പിന്തുണ നൽകിയിരുന്നു. സൈനിക കേന്ദ്രങ്ങളിൽ ചാവേറാക്രമണങ്ങൾ നടത്തുന്നതിനായി ഇന്ത്യയിലെ യുവാക്കളെ സംഘം ലക്ഷ്യമിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പേരിൽ ജമ്മുവിലെ ബാഹു ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് 2025 നവംബർ 24നാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സാജിദിനെ അറസ്റ്റ് ചെയ്തു. സാജിദിന്റെ അറസ്റ്റിനെത്തുടർന്ന് ഉസൈദിനെ കണ്ടെത്തുന്നതിനായി ജമ്മു പൊലീസും മീററ്റ് പൊലീസും ചേർന്ന് 2026 ജനുവരിയിലും ഫെബ്രുവരിയിലും മീററ്റിൽ സംയുക്ത റെയ്ഡുകൾ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.