റാസൽഖൈമ വാഹനാപകടം; മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു, ആകെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തലശേരി സ്വദേശിനി സങ്കീർത്തന സുരേഷിന്റെ (26) മൃതദേഹം ഇന്ന് രാവിലെ തിരിച്ചറിഞ്ഞിരുന്നു.

ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്‌നേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചു. അപകടത്തിൽ മരണപ്പെട്ട 13പേരിൽ 11ഉം ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മലയാളിയുടെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. റാസൽഖൈമയിൽ ഇന്നലെ പുലർച്ചെ തെക്കൻ മേഖലയിലെ അൽ വതൻ റോഡിലുണ്ടായ അപകടത്തിൽപെട്ട് 13പേർ മരിക്കുകയും 14പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പരിക്കേറ്റവർ റാസൽഖൈമയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒമാനിൽ സന്ദർശക വിസ പുതുക്കാൻ എത്തിയവരാണ് ബസിലുണ്ടായിരുന്നത്. 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയിൽവച്ചും മരിച്ചു. ബസിൽ 41 പേരായിരുന്നു യാത്ര ചെയ്‌തിരുന്നത്. തകരാറിനെ തുടർന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *