കുന്നംകുളത്ത് 41കാരന്റെ മരണം കൊലപാതകമെന്ന് സംശയം; ഭാര്യയും സുഹൃത്തും കസ്റ്റഡിയിൽ

തൃശൂർ: കുന്നംകുളത്ത് 41കാരനായ മുഹമ്മദ് മുംതാബിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ശക്തമാക്കിയത്.

മുഹമ്മദിന്റെ കഴുത്ത് ഞെരിക്കുകയും മുഖവും വായയും പൊത്തിപ്പിടിക്കുകയും ചെയ്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് കുന്നംകുളം പൊലീസ് ഭാര്യ റോഷൻ കാത്തൂണിനെയും ബിഹാർ സ്വദേശിയായ ഹസന്നാനെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന മുഹമ്മദ് മുംതാബും കുടുംബവും എട്ടുവർഷം മുമ്പാണ് ജോലി തേടി ബിഹാറിൽനിന്ന് തൃശൂരിലെത്തിയത്. മുഹമ്മദ് മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. ഇതിനിടെ ഭാര്യ റോഷൻ കാത്തൂൺ ബിഹാർ സ്വദേശിയായ 38കാരൻ ഹസന്നാനുമായി അടുപ്പത്തിലായി. ഇരുവരും ചേർന്ന് ആസൂത്രണം ചെയ്ത് മുഹമ്മദിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുന്നംകുളം എ.സി.പി ഷാജു കെ. എബ്രഹാം, സി.ഐ അനിൽകുമാർ ടി. മേപ്പുള്ളി, എസ്.ഐ രോഹിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *