കേരളത്തിലെ സംഘടനാ തർക്കങ്ങളിൽ ഇടപെടാനില്ലെന്ന് ഹൈക്കമാൻഡ്; നേതാക്കൾക്ക് നിർദേശവുമായി ദേശീയ നേതൃത്വം

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിലെ സംഘടനാ തർക്കങ്ങളിൽ ഉടൻ ഇടപെടേണ്ടതില്ലെന്ന നിലപാടിൽ ഹൈക്കമാൻഡ്. നിലവിലെ നേതൃത്വം നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും വിവാദങ്ങളിൽ നേതാക്കളും പ്രവർത്തകരും അനാവശ്യ പ്രതികരണങ്ങൾ നടത്തരുതെന്നും ദേശീയ നേതൃത്വം നിർദേശിച്ചു. കെപിസിസി അധ്യക്ഷനെ ചൊല്ലിയുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമെന്നും അധ്യക്ഷൻ സണ്ണി ജോസഫിനും നിർദേശം നൽകിയിട്ടുണ്ട്. തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാവരുമായും കൂടിയാലോചിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടു.

അതേസമയം, കേരളത്തിലെ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലുണ്ട്. ഡൽഹിയിലെത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ സാഹചര്യങ്ങൾ വിശദീകരിച്ചിരുന്നു. മന്ത്രിസഭയിലെ ഭിന്നത, ഷാഫി പറമ്പിൽ–രാജ്‌മോഹൻ ഉണ്ണിത്താൻ തർക്കം, സംഘടനാപരമായ വിഷയങ്ങൾ എന്നിവയെല്ലാം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങളിൽ നേതാക്കളുടെ പരസ്യപ്രതികരണങ്ങൾക്ക് അയവുവന്നെങ്കിലും ഫ്ലക്സ് പോര് തുടരുകയാണ്. ഷാഫി പറമ്പിലിനെ അനുകൂലിച്ച് വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. ഫ്ലക്സ് സ്ഥാപിക്കുന്നതിനെതിരെ സണ്ണി ജോസഫ് ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നെങ്കിലും പ്രവർത്തകർ ഇത് വകവെക്കാതെ വിവിധയിടങ്ങളിൽ ഫ്ലക്സുകൾ സ്ഥാപിക്കുകയാണ്. ഡൽഹിയിലെ ചർച്ചകൾക്കുശേഷം കെപിസിസി അധ്യക്ഷൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.

Leave a Reply

Your email address will not be published. Required fields are marked *