അടിമാലി: പൊൻമുടി ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പണിക്കൻകുടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. പണിക്കൻകുടി സ്വദേശിയായ സന്തോഷിന്റെ മകൻ ക്രിസ്റ്റോ, തിങ്കൾക്കാട്ട് സ്വദേശി ബ്രിജേഷിന്റെ മകൻ അരുൺ ടി.പി. എന്നിവരാണ് മരിച്ചത്. ഇരുവർക്കും 14 വയസാണ്.
ഇന്നലെ പകൽ മരക്കാനത്തുള്ള മലേൽ വീട്ടിൽ രതീഷിന്റെ മകനും ക്രിസ്റ്റോയുടെയും അരുണിന്റെയും സഹപാഠിയുമായ അർജുന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ക്ളാസിലെ എട്ടുപേരടങ്ങുന്ന സംഘമാണ് എത്തിയത്. ചടങ്ങിനുശേഷം ക്രിസ്റ്റോയും അരുണും ഒഴികെ ബാക്കിയുള്ളവർ തിരികെപ്പോയി. പിന്നീട് ഇവർ പൊൻമുടി ഡാമിൽ കുളിക്കാനായി ഇറങ്ങുകയും ഇതിനുശേഷം രണ്ട് കുട്ടികളെയും കാണാതാവുകയുമായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.