കൊച്ചി: കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു. പെട്രോൾ പമ്പിൽ ഗുണ്ടാസംഘവും സ്വകാര്യബസ് ജീവനക്കാരും തമ്മിൽ തർക്കം നടക്കുന്നതറിഞ്ഞെത്തിയ ഞാറയ്‌ക്കൽ എസ് ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്. തർക്കം പരിഹരിക്കുന്നതിന് ശ്രമിക്കവെയാണ് കൊലക്കേസ് പ്രതിയായ മുന്ന എന്നയാൾ ഇവരെ ആക്രമിച്ചത്.
വൈപ്പിൻ എളങ്കുന്നപ്പുഴയിലെ പെട്രോൾ പമ്പിൽ സ്വകാര്യ ബസ് ജിവനക്കാരെ മുന്ന എന്നയാളുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് ഇവർ പൊലീസിന് നേരെ തിരിഞ്ഞത്. ഉദ്യോഗസ്ഥരുടെ തലയ്‌ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മാത്രമാണ് ജിതിൻ ഞാറയ്‌ക്കൽ എസ്‌ഐയായി ചുമതലയേറ്റത്. സംഭവത്തിൽ മുന്ന എന്ന പ്രജിത്ത്, ഇയാളുടെ സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി റാഹിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിടിക്കാനെത്തിയ മറ്റ് പൊലീസുകാരെയും ഇവർ ആക്രമിച്ചിരുന്നു.