കൊച്ചി കപ്പൽശാലയ്ക്ക് വൻനേട്ടം, ലഭിച്ചത് ​ 498.58 കോടിയുടെ പുതിയ കരാർ

കൊച്ചി: കപ്പൽ നിർമ്മാണ, നവീകരണ, അറ്റകുറ്റപ്പണി മേഖലകളിൽ അന്താരാഷ്ട്ര മികവ് തെളിയിച്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് ഇന്ത്യൻ നാവികസേനയുടെ 498.58 കോടി രൂപയുടെ പുതിയ കരാർ. സേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് ബെത്വയുടെ അറ്റകുറ്റപ്പണികൾക്കും എൻജിൻ ശേഷി വർദ്ധിപ്പിക്കാനുമാണ് ഷിപ്പ്‌യാർഡുമായി രാജ്യരക്ഷാ മന്ത്രാലയം കരാർ ഒപ്പുവച്ചത്. അടുത്ത ജനുവരിയോടെ കൊച്ചിയിലെത്തുന്ന കപ്പലിന്റെ അറ്റകുറ്റപ്പണികൾക്ക് ഷിപ്പ്‌യാർഡിൽ ഒരുക്കങ്ങൾ ആരംഭിച്ചു.

ബ്രഹ്മപുത്ര ക്ലാസ് യുദ്ധക്കപ്പലായ ഐ.എൻ.എസ് ബെത്വയുടെ പ്രൊപ്പൽഷൻ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. കപ്പലിൽ നിലവിലെ ആവി എൻജിൻ അധിഷ്ഠിത സംവിധാനത്തിന് പകരം അത്യാധുനിക ഡീസൽ എൻജിൻ അധിഷ്ഠിത പ്രൊപ്പൽഷൻ ഘടിപ്പിക്കും. അത്യാധുനിക ആയുധശേഖരം സജ്ജീകരിച്ച് കപ്പലിന്റെ പോരാട്ടശേഷി വർദ്ധിപ്പിക്കും. ഇത് കപ്പലിന്റെ പ്രവർത്തനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തും.

നേട്ടങ്ങൾ

നാവികസേനാ പ്ലാറ്റ്‌ഫോമുകളുടെ സങ്കീർണമായ പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ പരിവർത്തനത്തിലും ആധുനികവത്കരണത്തിലും കപ്പൽ അറ്റകുറ്റപ്പണി, പരിപാലന മേഖലയിലും തദ്ദേശീയ ശേഷി കൂടുതൽ ശക്തിപ്പെടുത്തും

അമ്പതിലേറെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങൾ നവീകരണത്തിനായി ഉപയോഗിക്കുന്നത് വ്യവസായ മേഖലയ്‌ക്കും നേട്ടമാകും

ഇന്ത്യൻ കപ്പൽ നിർമ്മാണ, അനുബന്ധ വ്യവസായ മേഖലകളിൽ ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും

കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത് ’, ‘മേയ്ക്ക് ഇൻ ഇന്ത്യ’ കാഴ്ചപ്പാടുകൾക്ക് വലിയ ഉത്തേജനം നൽകും

 തദ്ദേശീയ നാവിക കപ്പൽ അറ്റകുറ്റപ്പണി, പരിപാലന ശേഷി എന്നിവയെ ശക്തിപ്പെടുത്തും

ഐ.എൻ.എസ് ബെത്വ

കമ്മിഷനിംഗ് 2004 ജൂലായ്

ഭാരം 3,850 ടൺ

നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളി

അപകടങ്ങൾ

2014 ജനുവരി 4

കടലിനടിയിലെ അജ്ഞാതവസ്തുവിൽ കപ്പൽ തട്ടി സോണാർ ഡോം സംവിധാനം തകരാറിലായി. സുപ്രധാനമായ ഉപകരണങ്ങളിൽ കടൽവെള്ളം കയറി.

2016 ഡിസംബർ 5

മുംബയിലെ നേവൽ ഡോക്ക്‌യാർഡിൽ നിന്നിറക്കുന്നതിനിടെ ഡോക്ക് ബ്‌ളോക്കുകളിൽ നിന്ന് തെന്നുകയും തുറമുഖത്ത് ഇടിക്കുകയും ചെയ്‌തു. അപകടത്തിൽ രണ്ടുപേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

അറ്റകുറ്റപ്പണികൾക്ക് ശേഷം 2021ൽ വീണ്ടും സേവനം ആരംഭിച്ചു.

നാവികസേനയുടെ ഓർഡറുകൾ

ആറ് പുതുതലമുറ മിസൈൽവേധ കപ്പലുകളുടെ നിർമ്മാണം. 9,805 കോടി രൂപയുടെ കരാർ. 2027 മാർച്ചിൽ ആദ്യകപ്പൽ കൈമാറും

മുങ്ങിക്കപ്പലുകളെ സഹായിക്കുന്ന എട്ട് കപ്പലുകളുടെ നിർമ്മാണം

Leave a Reply

Your email address will not be published. Required fields are marked *