രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റം ഈ സംസ്ഥാനത്ത്,​ കേരളത്തിന്റെ സ്ഥാനം ദേശീയ ശരാശരിയിലും മുകളിൽ

കൊച്ചി: കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും കടുത്ത ആശങ്ക സൃഷ്‌ടിച്ച് രാജ്യത്തെ വിലക്കയറ്റം അതിരൂക്ഷമാകുന്നു. ഉപഭോക്തൃവില സൂചിക അടിസ്ഥാനമായി നാണയപ്പെരുപ്പം ഒക്ടോബറിൽ റിസർവ് ബാങ്കിന്റെ സഹനപരിധിയായ ആറ് ശതമാനം കടന്നു. ഇക്കാലയളവിലെ വിലക്കയറ്റത്തോത് 6.09 ശതമാനത്തിലേക്കാണ് ഉയർന്നത്. സെപ്തംബറിൽ ഇത് 5.54 ശതമാനമായിരുന്നു. ഭക്ഷ്യവിലകളിലെ കുതിപ്പാണ് വെല്ലുവിളി. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തോത് 7.74 ശതമാനത്തിൽ നിന്ന് 8.94 ശതമാനമായി ഉയർന്നു.ഗ്രാമീണ മേഖലയിലാണ് വിലക്കയറ്റം കൂടുതൽ രൂക്ഷം. ഗ്രാമീണ പണപ്പെരുപ്പം 6.08 ശതമാനത്തിൽ നിന്ന് 6.63 ശതമാനമായി ഉയർന്നു. നഗരമേഖലയിൽ 4.88 ശതമാനത്തിൽ നിന്ന് 5.41 ശതമാനമായി. ഇതോടെ അടുത്ത മാസം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തിൽ മുഖ്യ പലിശ നിരക്കായ റിപ്പോ കാൽ ശതമാനം കൂടി വർദ്ധിപ്പിക്കാൻ സാദ്ധ്യതയേറി.

കരയിച്ച് ഉള്ളിവില

ഉള്ളി വിലയിൽ 116.22 ശതമാനമാണ് വർദ്ധന. വെളുത്തുള്ളി വിലക്കയറ്റം 60.74 ശതമാനവും നാരങ്ങയുടേത് 47.30 ശതമാനവുമാണ്. അതേസമയം ഉരുളക്കിഴങ്ങ് വിലയിൽ 14.24 ശതമാനവും കോളിഫ്ളവർ വിലയിൽ 10.57 ശതമാനവും കുറവുണ്ടായി.

കേരളത്തിൽ ദേശീയ ശരാശരിക്ക് മുകളിൽ

ഒക്ടോബറിൽ കേരളത്തിലെ വിലക്കയറ്റത്തോത് 6.22 ശതമാനമാണ്. ദേശീയ ശരാശരിയായ 6.09 ശതമാനത്തേക്കാൾ കൂടുതലാണിത്. സംസ്ഥാനത്ത് ഗ്രാമീണ മേഖലയിൽ വിലക്കയറ്റം 7.01 ശതമാനമായപ്പോൾ നഗരമേഖലയിൽ 5.58 ശതമാനമാണ്. ഗ്രാമീണ മേഖലയിലെ വിലസമ്മർദ്ദമാണ് തിരിച്ചടിയായത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പം രേഖപ്പെടുത്തിയത് മിസോറാമിലാണ്; 2.85 ശതമാനം. മേഘാലയയിൽ 3.63 ശതമാനവും നാഗാലാൻഡിൽ 3.66 ശതമാനവുമാണ്. പുതുച്ചേരിയിലാണ് ഏറ്റവും ഉയർന്ന നിരക്ക്, 7.96 ശതമാനം. കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയേക്കാൾ നേരിയ തോതിൽ കൂടുതലാണെങ്കിലും ഉയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളുടെ നിരക്കിനേക്കാൾ താഴെയാണ്.

Leave a Reply

Your email address will not be published. Required fields are marked *