ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ ഹോട്ടൽ റിസപ്‌ഷനിലുണ്ടായ വെടിവയ്പിൽ രണ്ട് സ്ത്രീകളടക്കം ആറുപേർ കൊല്ലപ്പെട്ടു. ഇന്ന് രാത്രി ഒൻപതോടെ ജി.എസ് റോഡിലെ ലചിത് നഗറിലുള്ള ബിലാസ് ഇൻ ഹോട്ടലിലായിരുന്നു സംഭവം. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. ഇവരുടെ കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
ഹോട്ടലിലെ റിസപ്ഷൻ കൗണ്ടറിന് സമീപം ഒരുമിച്ചുനിന്ന ആറുപേർക്കു നേരെയാണ് വെടിയുതിർത്തത്. നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരിൽ സത്യേന്ദ്ര പഥക്, നാരായൺ ദാസ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസമയത്ത് ഹോട്ടലിനോട് ചേർന്നുള്ള റസ്റ്റോറന്റിൽ ജീവനക്കാരടക്കം 20 മുതൽ 25 വരെ ആളുകൾ ഉണ്ടായിരുന്നതായാണ് വിവരം. തിരക്കേറിയ കൊമേഴ്‌ഷ്യൽ മേഖലയിലാണ് വെടിവയ്പുണ്ടായത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.