തിരുവനന്തപുരം: ചേരാനല്ലൂരില്‍ 17 വയസുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം നിയമസഭയിലും ചൂടേറിയ ചര്‍ച്ചയായി. പ്രതിപക്ഷനേതാവ് പിണറായി വിജയനാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ വര്‍ധിപ്പിവരികയാണെന്നും ഉന്നത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് ഉന്നയിച്ച വിഷയം ശരിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. ചേരാനല്ലൂര്‍ കേസിലെ പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ഉടന്‍ ജാമ്യം കിട്ടിയത് അത്ഭുതപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു. ദാരുണമായ സംഭവമാണ് ചേരാനല്ലൂരില്‍ ഉണ്ടായത്. തുടക്കത്തില്‍ പോലീസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നും മന്ത്രി സമ്മതിച്ചു.
പോലീസിന്റെ വീഴ്‌ചയില്‍ നടപടി ഉറപ്പാണെന്നും നരഹത്യാക്കുറ്റം ആദ്യം തന്നെ ചുമത്തേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. ആ വകുപ്പ് ചുമത്താതിരുന്നത് പോലീസിന്റെ വീഴ്‌ചയാണ്. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് ഡി.ജി.പിയോട് സംസാരിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രി ചെന്നിത്തല സഭയെ അറിയിച്ചു.
പിന്നീട് പ്രതിക്കെതിരേ പോലീസ് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയെ കസ്‌റ്റഡിയിലെടുത്ത് രാത്രി തന്നെ ജുവനൈല്‍ കോടതിക്കു മുന്നില്‍ ഹാജരാക്കി. സര്‍ൈപ്രസായാണ് തനിക്ക് അതില്‍ ഒരു കാര്യം തോന്നിയത്. കോടതിയില്‍ ഹാജരാക്കിയ ഉടന്‍ തന്നെ പ്രതിക്ക് ജാമ്യം അനുവദിച്ചു. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീതി എല്ലാവര്‍ക്കും ഒരുപോലെ തന്നെയാണ്. അതില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. വാഹനം ഓടിച്ചത് പതിനേഴുകാരനാണ്. വാഹനം ജഡ്‌ജിയുടെ പേരിലാണെങ്കില്‍ ജഡ്‌ജിക്കെതിരേയും കേസെടുക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ചെന്നിത്തല നിയമസഭയെ അറിയിച്ചു.