ടൂറിസം സൗഹൃദ എക്സൈസ് നയം ഉടൻ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ടൂറിസം സൗഹൃദ പുതിയ എക്സൈസ് നയം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ടൂറിസത്തിന് തടസ്സമാകുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും പുതിയ നയരൂപീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചൗളയുടെ ക്യു ആൻഡ് എ വിത്ത് ദി ചീഫ് മിനിസ്റ്റർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് വർഷത്തിനകം കേരളത്തിലെത്തുന്ന ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രമുഖ ഹോട്ടൽ ശൃംഖലകളുടെ സഹകരണത്തോടെ 25 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ആരംഭിക്കും. പ്ലാന്റേഷൻ ടൂറിസത്തിന് അനുമതി നൽകുന്നതിനുള്ള നിയമഭേദഗതി ഈ മാസം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓഷ്യനേറിയം, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം, ആയുർവേദ-വെൽനസ് കേന്ദ്രങ്ങൾ, നോളജ് വാലികൾ എന്നിവ വികസിപ്പിക്കും. 44 നദികളെ ബന്ധിപ്പിച്ച് റിവർ ക്രൂയിസുകളും കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് ക്രൂയിസ് ടെർമിനലുകളും ഒരുക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഏവിയേഷൻ ഹബ്ബ് വികസിപ്പിക്കാനും പദ്ധതിയുണ്ട്.

സംസ്ഥാനത്തിന്റെ കടബാധ്യത പരിഹരിക്കാൻ നികുതി വർധനയെ ആശ്രയിക്കില്ലെന്നും പുതിയ സാമ്പത്തിക പ്രവർത്തനങ്ങളിലൂടെ വളർച്ച ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖങ്ങളെയും ചെറുകിട തുറമുഖങ്ങളെയും ബന്ധിപ്പിച്ച് തീരദേശത്തെ സമഗ്രമായ തുറമുഖ വികസന മേഖലയാക്കി മാറ്റും. പ്രവാസികൾക്ക് ചെറിയ തുക മുതൽ നിക്ഷേപിക്കാവുന്ന പദ്ധതികളും പരിഗണനയിലുണ്ട്.

സിപിഎമ്മിന്റെ സംഘടനാപരമായ തകർച്ചയിൽ കോൺഗ്രസ് സന്തോഷിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, പാർട്ടിയുടെ കോൺഗ്രസ് വിരുദ്ധ നിലപാടുകളെയും ബിജെപിയുമായുള്ള ആരോപണവിധേയമായ ധാരണകളെയും വിമർശിച്ചു. കോൺഗ്രസിന്റെ പ്രധാന രാഷ്ട്രീയ എതിരാളി ബിജെപിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗിന് ഭരണത്തിൽ അമിത പ്രാധാന്യം നൽകുന്നുവെന്ന പ്രചാരണം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് മതേതര സ്വഭാവമുള്ള ജനാധിപത്യ പാർട്ടിയാണ്. ന്യൂനപക്ഷങ്ങൾക്കിടയിലെ മിതവാദ ശബ്ദമായ ലീഗ് ദുർബലമായാൽ തീവ്രവാദ സംഘടനകൾക്ക് ഇടം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *