നാനിയുടെ മാസ്സ് ആക്ഷൻ ചിത്രം ‘ദ പാരഡൈസ്’ തിയറ്ററുകളിൽ

കൊച്ചി: തെലുങ്ക് താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ തിയറ്ററുകളിലെത്തി. വലിയ പ്രേക്ഷക പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് നടൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

സൂപ്പർഹിറ്റ് ചിത്രം ‘ദസറ’ക്ക് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന പ്രോജക്റ്റാണിത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കാതൽ വൈകാരികമായ അമ്മ-മകൻ ബന്ധമാണെന്ന് നാനി വെളിപ്പെടുത്തിയിരുന്നു.

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ക്യാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ ‘ജദാൽ’ എന്ന ശക്തമായ മാസ്സ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ബോളിവുഡ് ചിത്രം ‘കിൽ’ എന്ന ആക്ഷൻ പടത്തിലൂടെ ശ്രദ്ധേയനായ രാഘവ് ജൂയലാണ് ചിത്രത്തിൽ ‘വിക്രം മാലിക്’ എന്ന പ്രധാന വില്ലൻ കഥാപാത്രമായെത്തുന്നത്.

‘ജേഴ്സി’, ‘ഗാംഗ് ലീഡർ’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും കൈകോർക്കുന്ന ചിത്രം കൂടിയാണിത്. അനിരുദ്ധ് ഈണം നൽകിയ “ആയാ ഷേർ”, “യേഷാ നഗുല” എന്നീ ഗാനങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിട്ടുണ്ട്.

കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, തനികേല ഭരണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

സി. എച്ച്. സായ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നവീൻ നൂലിയും പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *