സഹപാഠിക്ക് മോദിയുടെ സഹായം; 19 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചുവെന്ന് അസ്‌ഗർ അലി

ന്യൂഡൽഹി: 19 വർഷം നീണ്ട പോരാട്ടത്തിനിടെ നടക്കാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ നടന്നതായി സഹപാഠിയായ അസ്‌ഗർ അലി വോറ. അദ്ദേഹത്തിന്റെ പേര് സത്ബാര ഭൂമി രേഖയിൽ പുനഃസ്ഥാപിച്ചിരിക്കുകയാണിപ്പോൾ. മഹാരാഷ്ട്രയിലെ മീരാ-ഭായന്ദറിൽ ദീർഘകാലമായി നിയമ തർക്കങ്ങളിൽ കുടുങ്ങിക്കിടന്ന ഭൂമിയാണിത്. മോദിയുമായുള്ള കൂടിക്കാഴ്‌ചയ്ക്കുശേഷം മൂന്ന് മാസം പിന്നിട്ടപ്പോഴാണ് അസ്‌‌ഗറിന് നീതി ലഭിച്ചത്.

1989ൽ രജിസ്റ്റർ ചെയ്ത കരാർ വഴിയാണ് 81കാരനായ അസ്‌‌ഗ‌ർ, ദാവൂദ് വോറയുമായി ചേർന്ന് 2,810 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വസ്തു വാങ്ങിയത്. തുടർന്ന് 2007ൽ ഇരുവരുടെയും പേരുകൾ ഭൂമി രേഖയിൽ ചേർത്തു. ഇതിനിടെ യഥാർത്ഥ ഭൂവുടമയായ പോൾ ആന്റണി ഫെർണാണ്ടസിന്റെ നിയമപരമായ അവകാശികളിൽ ഒരാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ അധികാരികൾ അസ്‌ഗറിന്റെ പേരുകൾ റദ്ദാക്കി. 1989ലെ കരാറിൽ പോൾ ആന്റണി തന്നെയായിരുന്നു ഒപ്പുവച്ചത്. ഇത് വസ്തുവുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങൾക്കും ഇടപാടുകൾക്കും വഴിയൊരുക്കി.

2014ൽ, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മെർവിൻ ജോസഫ് ഫെർണാണ്ടസ് പോൾ ആന്റണിയുടെ അവകാശിയാണെന്ന് അവകാശപ്പെടുകയും സ്വത്തിന്റെ 50 ശതമാനത്തിൽ തന്റെ പേര് രേഖപ്പെടുത്തുകയും ചെയ്തു.

ബാക്കി 50 ശതമാനം ഓഹരി 2011ൽ 'സ്വയം' ബിൽഡേഴ്‌സ് പവർ ഓഫ് അറ്റോർണി വഴി സ്വന്തമാക്കി. രേഖയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും അത് മറ്റൊരു സർവേ നമ്പറിലാണെന്നും അസ്‌ഗ‌ർ അലി ആരോപിച്ചു. പിന്നാലെ അസ്‌ഗറിന്റെ പരാതിയിൽ 2015ൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.

2019ൽ, തർക്ക ഭൂമിയുടെ ഒരു ഭാഗം ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുമായി ബന്ധമുള്ള സെവൻ ഇലവൻ കൺസ്ട്രക്ഷൻസ് എന്ന കമ്പനി വാങ്ങി. എന്നാൽ അസ്‌ഗ‌ർ അലിയുടെ പരാതികളെത്തുടർന്ന് മീര-ഭായന്ദർ മുനിസിപ്പൽ കോർപ്പറേഷൻ നൽകിയ നിർമ്മാണ അനുമതികൾ പിന്നീട് റദ്ദാക്കി.

ഭരണ, ജുഡീഷ്യൽ, രാഷ്ട്രീയ അധികാരികൾക്ക് മുന്നിൽ വർഷങ്ങളോളം പരാതി നൽകി കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് ഈ വർഷം സെപ്‌തംബറിൽ അദ്ദേഹം പ്രധാനമന്ത്രി മോദിയെ കണ്ടത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അദ്ദേഹം പ്രധാനമന്ത്രിയെ അറിയിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഗുജറാത്തിലെ വാദ്‌നഗറിലെ ബിഎൻ സ്‌കൂളിലാണ് പ്രധാനമന്ത്രി മോദിയോടൊപ്പം അസ്‌ഗർ അലി പഠിച്ചത്.

മോദിയുമായുള്ള അലിയുടെ കൂടിക്കാഴ്ച കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം തർക്കഭൂമിയുടെ ഉടമസ്ഥാവകാശം ഉപേക്ഷിക്കുകയാണെന്നും വൃദ്ധനെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കുകയാണെന്നും ബിജെപി എംഎൽഎ പ്രഖ്യാപിച്ചു. നിർമ്മാണ അനുമതിയും അനുബന്ധ കൈമാറ്റ വികസന അവകാശങ്ങളും മുനിസിപ്പൽ കോർപ്പറേഷനും റദ്ദാക്കി.

താമസിയാതെ, പോൾ ആന്റണി ഫെർണാണ്ടസ് തന്റെ ജൈവിക അമ്മാവനല്ലെന്നും രണ്ടാനമ്മയുടെ മകനാണെന്നും മെർവിൻ ഫെർണാണ്ടസ് പൊലീസിനോട് വ്യക്തമാക്കി. തർക്കഭൂമിയെക്കുറിച്ച് തനിക്ക് മുൻകൂർ അറിവില്ലെന്നും മറ്റുചിലരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുകയും പിന്നാലെ ഭൂമി രേഖയിൽ അസ്‌ഗർ അലിയുടെ പേര് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പ് ആരംഭിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *