പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി; അതിജീവിതയെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ പോക്‌സോ കേസിലെ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിജീവിതയുടെ വീട്ടിലെത്തിയ പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

അറയ്ക്കപ്പടി സ്വദേശി മുഹമ്മദ് അദിനാനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

പ്രതി പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി തടയാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാരിൽ ഒരാൾക്കും കൈയ്ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

രണ്ടുമാസം മുമ്പാണ് പോക്‌സോ കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ മാസം 18-നാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് അതിജീവിതയെ വീണ്ടും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *