കൊല്ലം: കൊല്ലത്ത് വീണ്ടും ഒരേ സീരിയലിലും നമ്പറിലുമുള്ള രണ്ട് ലോട്ടറി ടിക്കറ്റുകൾ കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്നിന് നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയിലാണ് അപാകത കണ്ടെത്തിയത്. ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിക്ക് ലഭിച്ച ടിക്കറ്റുകളിലാണ് ഒരേ സീരിയൽ നമ്പറും ടിക്കറ്റ് നമ്പറും ശ്രദ്ധയിൽപ്പെട്ടത്.
കരിക്കോട് പ്രവർത്തിക്കുന്ന ആറ്റുകാൽ ഏജൻസിയിൽനിന്നാണ് മീനാക്ഷി ലോട്ടറി ഏജൻസി ടിക്കറ്റുകൾ വാങ്ങിയത്. ജില്ലാ ട്രഷറിയിൽനിന്ന് എടുത്ത ടിക്കറ്റുകളാണിതെന്ന് ഏജന്റ് വ്യക്തമാക്കി.
അതേസമയം, കൊല്ലം ചെറുമൂടിലെ അഖി ലോട്ടറി ഏജൻസിയിലും ഇന്നലെ സമാനമായ പരാതി ഉയർന്നിരുന്നു. അവിടെയും സ്ത്രീശക്തി ലോട്ടറിയുടെ രണ്ട് ടിക്കറ്റുകളിൽ ഒരേ സീരിയലും നമ്പറും കണ്ടെത്തുകയായിരുന്നു.
ജില്ലാ ലോട്ടറി ഓഫീസിൽനിന്ന് വാങ്ങിയ 300 ടിക്കറ്റുകളിൽ രണ്ടെണ്ണത്തിനാണ് ഒരേ നമ്പറുള്ളതായി കണ്ടെത്തിയതെന്ന് ലോട്ടറി വിൽപ്പനക്കാരനായ സന്തോഷ് പറഞ്ഞു. കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി ടിക്കറ്റുകളുടെ ബിൽ തയ്യാറാക്കുന്നതിനിടെയാണ് അപാകത ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ലോട്ടറി ഡയറക്ടർക്കും ജില്ലാ ലോട്ടറി ഓഫീസർക്കും ഇ-മെയിൽ വഴി പരാതി നൽകിയതായി സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പരാതിയുടെ പകർപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.