ഫിഷറീസിലെ നിയമനം: പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം: പി.എസ്.സി. യിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെയും ഉദ്യോഗസ്ഥരെയൂം ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. ഫിഷറീസ് എക്‌റ്റെന്‍ഷന്‍ ഓഫീസര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്നാണ് ആക്ഷേപം. അര്‍ഹരായ വര്‍ക്ക് നിയമാനുസൃണം വന്നു ചേരേണ്ട റാങ്കും നിയമനവും ഇഷ്ടക്കാരായ അനര്‍ഹര്‍ക്ക് നല്‍കി അന്യായമായ നേട്ടമുണ്ടാക്കി എന്നാണ് എഫ്.ഐ. ആറില്‍ പറഞ്ഞിരിക്കുന്നത്.

എം.ആര്‍. ബൈജുവിനെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തില്‍ നിന്നും പ്രതിചേര്‍ക്കാന്‍ ആവശ്യമായ മൊഴി കിട്ടിയിട്ടുണ്ടെന്നാണ് വിവരം. പി. എസ്. സി. യുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തി, ഇഷ്ടക്കാര്‍ക്ക് അനധികൃതമായി നിയമനം നടത്തി അധികാര ദുര്‍വിനിയോഗം നടത്തി, ബന്ധുക്കള്‍ക്ക് വേണ്ടി റാങ്ക്‌ലിസ്റ്റില്‍ ക്രമക്കേട് ഉണ്ടാക്കി നിയമനം ലഭിക്കുന്നതിന് വേണ്ടി ഇടപെട്ട് അന്യായമായ നേട്ടമുണ്ടാക്കി എന്നിങ്ങനെ ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറിലുള്ളത്. പി.എസ്.സി. യ്ക്ക് എതിരേ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം എടുത്തിരിക്കുന്ന മൂന്ന് കേസുകളില്‍ രണ്ടാമത്തെ കേസിലാണ് പി.എസ്.സി. ചെയര്‍മാനെയും ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ത്തിരിക്കുന്നത്.

സിപിഐഎമ്മിന്റെ പേരുകള്‍ കൂടി എഫ്.ഐ.ആറില്‍ ഉണ്ട്. സിപിഐഎം അനുഭാവികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കി പി.എസ്.സി. ചെയര്‍മാനും ഉദ്യോഗസ്ഥരും അന്യായ നേട്ടമുണ്ടാക്കി. ഫിഷറീസ് വകുപ്പിലെ പരീക്ഷയുമായി ബന്ധപ്പെട്ട് നേമം സ്വദേശി നല്‍കിയ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ഇവരെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. നേരത്തേ ആസൂത്രണബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട് ബൈജുവിനെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരെ പഴിചാരിയായിരുന്നു എം.ആര്‍. ബൈജു മൊഴി കൊടുത്തത്. പിന്നാലെ പി.എസ്.സി. അംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഒന്നടങ്കം ചെയര്‍മാനെതിരേ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍മാനും അംഗങ്ങള്‍ക്കും എതിരേ കേസെടുത്തത്.

ആസൂത്രണ ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ടും ഫിഷറീസിലെ നിയമനവുമായി ബന്ധപ്പെട്ടും അനേകം പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. ഇതിന് പുറമേ മോട്ടോര്‍ വാഹന വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ് മൂന്നാമത്തെ കേസ്. 150 ലേറെ പരാതികളാണ് അന്വേഷണസംഘത്തിന് കിട്ടിയത്. പി.എസ്.സി. സെക്രട്ടറി സാജു ജോര്‍ജ്ജിനെ ഇന്ന് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *