കൊച്ചി: കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. നിപ ചികിത്സയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചുവെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തുവന്നു.
രണ്ട് വർഷം കാലാവധിയുള്ള മരുന്ന് 2021-ൽ ആണ് വാങ്ങിയതെന്നും 2023-ൽ കാലാവധി അവസാനിച്ചുവെന്നും ഔദ്യോഗിക രേഖകളിലുണ്ടെന്ന് കുഴൽനാടൻ പറയുന്നു. 2026 വരെ ഉപയോഗിച്ച മരുന്ന് എവിടെ നിന്നാണെന്ന് കുഴൽനാടൻ ചോദിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നിൽ കാലാവധി രേഖപ്പെടുത്തിയിട്ടില്ല, ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. രേഖകളിൽ പറയാത്ത മരുന്ന് എവിടെ നിന്നു വന്നു എന്ന് വ്യക്തമാക്കണമെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, നിപ ബാധിച്ച് മരിച്ച രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് നൽകിയിരുന്നോ എന്നും അത് മരണത്തിനു കാരണമായോ എന്നും സംസ്ഥാന സർക്കാർ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. 2023, 2024, 2025 വർഷങ്ങളിൽ നിപ ബാധിച്ച് മരിച്ച രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിരുന്നോ എന്ന കാര്യം പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നാണ് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചത്. സർക്കാർ ആശുപത്രികളിലേക്ക് റെംഡെസിവിർ വിതരണം ചെയ്തിരുന്നത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് ആയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മാപ്പുകൾ കാണുക