കൊച്ചി: മയിൽപ്പീലി യംഗ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ജില്ലാ തല പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി നൽകി. എന്നാൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിർദേശിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്ഥാനതല പരീക്ഷ നടത്താനും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് പരീക്ഷ നടത്താൻ താൽക്കാലിക അനുമതി നൽകിയത്. ഞായറാഴ്ചയാണ് മയിൽപ്പീലി ജില്ലാ തല പരീക്ഷ നടക്കുന്നത്.
ബാലഗോകുലത്തിന്റെ മാസികയായ മയിൽപ്പീലിയും ദേശീയ അധ്യാപക പരിഷത്തും (എൻടിയു) സംയുക്തമായാണ് 'യംഗ് സ്കോളർ എക്സാം 2026' എന്ന പേരിൽ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ സർക്കാരിന്റെ അനുമതി തേടിയത്. ഒക്ടോബർ 12ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ പരീക്ഷയ്ക്ക് അനുമതി നൽകിയിരുന്നു.
എന്നാൽ വിദ്യാഭ്യാസമന്ത്രി അറിയാതെയാണ് പരീക്ഷയ്ക്ക് അനുമതി നൽകിയതെന്ന വിവരം പുറത്തുവന്നതോടെ വിവാദം ഉടലെടുത്തു. തുടർന്ന് നവംബർ 14ന് വിദ്യാഭ്യാസമന്ത്രി ഇടപെട്ട് പരീക്ഷയ്ക്കുള്ള അനുമതി റദ്ദാക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തു.
അനുമതി നൽകിയത് ഉദ്യോഗസ്ഥതലത്തിലെ പിഴവാണെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചത്. അതേസമയം, പരീക്ഷയ്ക്കുള്ള അനുമതി പിൻവലിക്കുന്നതിന് മുമ്പ് നോട്ടീസോ കാരണം കാണിക്കൽ നടപടിയോ ഉണ്ടായില്ലെന്ന് എൻടിയു കോടതിയെ അറിയിച്ചു.
പരാതി ഉയർന്നതിനെ തുടർന്നാണ് അനുമതി പിൻവലിച്ചതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ആദ്യം പരീക്ഷയ്ക്ക് അനുമതി നൽകിയതല്ലേയെന്ന് കോടതി ചോദിച്ചു. തുടർന്ന് നേരത്തെ നിശ്ചയിച്ച തീയതിയിൽ ജില്ലാ തല പരീക്ഷ നടത്താമെന്ന് ഉത്തരവിടുകയായിരുന്നു.
ജില്ലാ തല പരീക്ഷ നടത്താമെങ്കിലും ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നതും സംസ്ഥാനതല പരീക്ഷയ്ക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയതും കേസിൽ തുടർനടപടികൾ നിർണായകമാക്കുന്നു.