മുംബയ്: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിന്റെ പേരിൽ കാമുകിയെ യുവാവ് കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നു. മഹാരാഷ്‌ട്രയിലെ കോലാപൂർ ജില്ലയിലാണ് സംഭവം. തരന്നം നായിക് എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ശ്രീപദ് വദാർ (25) ദുദർഗഡ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി കുറ്റസമ്മതം നടത്തി.
വെള്ളിയാഴ്‌ച രാവിലെ നായിക്വാഡിക്ക് സമീപമായിരുന്നു സംഭവം. ഗാർഗോട്ടിയിലെ അവധൂത് കോളനിയിൽ എതിർ വീടുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഏറെനാളായി പ്രണയത്തിലായിരുന്നു ഇവർ. മഹാഗാവിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുകയായിരുന്നു തരന്നം. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ പ്രണയത്തിൽ നിന്ന് പിന്മാറാൻ തരന്നം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അറിയിച്ചതോടെ ശ്രീപദ് വഴക്കിട്ടു.
തുടർന്ന് സംസാരിക്കാനെന്ന പേരിൽ വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ യുവതിയെ നായിക്വാഡിയിലെ കൊക്കയ്‌ക്ക് സമീപത്തുള്ള പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ നിലപാട് തറപ്പിച്ചുപറഞ്ഞതോടെ യുവതിയെ ശ്രീപദ് കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. വീഴ്‌ചയിൽ തരന്നം തൽക്ഷണം മരിച്ചു. ഇതോടെ സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു. യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി സംഘർഷാവസ്ഥ സൃഷ്‌ടിച്ചു. ശ്രീപജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.