മിനി കൂപ്പർ അപകടം: സുഹൈലിന് ഉടൻ ജാമ്യമില്ല, മറ്റ് മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിൽ മറ്റ് മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അപകടസമയം കാറിലുണ്ടായിരുന്ന നിനവ്, അമീർ ഷാ, ടി ജോയൽ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ മറ്റ് ഗുരുതരമായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഉത്തരവ്.

എന്നാൽ മുഖ്യപ്രതിയായ സുഹൈലിനെ 10 ദിവസത്തിനു ശേഷമേ മോചിപ്പിക്കൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ തുടർന്നാണ് തീരുമാനം. അമിതവേഗതയിലും മദ്യപിച്ചും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നും മുൻപും സുഹൈൽ സമാനമായ രീതിയിൽ അപകടം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇരകളുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

എന്നാൽ അപകടം ഉണ്ടായതുമുതൽ പ്രതികൾ കസ്റ്റഡിയിലാണെന്ന് സുഹൈലിന്റെ അഭിഭാഷകൻ വാദിച്ചു. സുഹൈൽ ബി കോം രണ്ടാംവർഷ വിദ്യാർത്ഥിയാണ്. പഠിക്കൻ മിടുക്കനാണ്. അന്വേഷണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. തെളിവുകളെല്ലാം ശേഖരിച്ചു. ഈ സാഹചര്യത്തിൽ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. ദൗർഭാഗ്യകരമായ അപകടമാണുണ്ടായത്. നടന്നത് നടന്നു. ജാമ്യം അനുവദിക്കണമെന്നും സുഹൈലിന്റെ അഭിഭാഷകൻ വാദിച്ചു.

ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശേരി എയർപോർട്ട്-അത്താണി റോഡിൽവച്ച് സുഹൈൽ ഓടിച്ചിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് യുവാക്കൾ മരണപ്പെട്ടിരുന്നു. ഇയാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. മദ്യപിച്ച് അമിതവേഗതയിലാണ് സുഹൈൽ വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തുകയും മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. മുൻപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം സെഷൻസ് കോടതിയും സുഹൈൽ ഉൾപ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *