ഇടുക്കി : ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 1,2,9,10,11,12 വാർഡുകളിലാണ് ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ മുതൽ മൂന്നുദിവസം വിനോദസഞ്ചാരത്തിനും പ്രദേശത്ത് ഡ്രോൺ പറത്തുന്നതിനും നിരോധനമുണ്ട്.
ദൗത്യത്തിനായിചക്കക്കൊമ്പനെ പിടികൂടുന്നതിന് വേണ്ടി രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കികളാണ് ചക്കകൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നത്. ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് തീരുമാനം. നാളെ കുങ്കിയാനകൾ പ്രദേശത്ത് പട്രോളിംഗ് നടത്തും. സൗകര്യ പ്രദമായ സ്ഥലത്ത് എത്തിയാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കുവെടി വയ്ക്കും.
അതിനിടെ ഇന്നും ചക്കക്കൊമ്പൻ പ്രദേശത്ത് ഭീതി വിതച്ചിരുന്നു. പുലർച്ചെ ബി.എൽ. റാം ചുടുകാട് ഭാഗത്ത് ജനവാസ മേഖലയിൽ എത്തിയ കൊമ്പൻ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. അതേസമയം റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ തിരികെ ചിന്നക്കനാലിൽ തന്നെ വിടാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി ചിന്നക്കനാലിൽ സി.പി.ഐയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.