കോഴിക്കോട്: പി.എസ്.സി. പരീക്ഷാക്രമക്കേട് വിഷയത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം. മുന്‍ ഡപ്യൂട്ടി സെക്രട്ടറി സതീഷാണ് അറസ്റ്റിലായിരിക്കുന്നത്. നിലവില്‍ മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കെ ആസൂത്രണബോര്‍ഡ് പരീക്ഷാ ക്രമക്കേടിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇന്ന് പി.എസ്.സി ചെയര്മാന് എം.ആര്. ബൈജുവിനെ ചോദ്യം ചെയ്യാനിരിക്കുമ്പോഴാണ് ആദ്യ അറസ്റ്റ്.
കേസിലെ മറ്റൊരു പ്രതി ആര് ഹരി ഒളിവിലാണ്. ഇയാള്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് വിവരം. കോഴിക്കോട്ടെ വീട്ടില്‍ നിന്നുമാണ് സതീഷ് അറസ്റ്റിലായത്. മുമ്പ് പല തവണ ചോദ്യം ചെയ്തിരുന്നു. മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കുടുതല്‍ പേര് പ്രതികളാകുമെന്നാണ് വിവരം. പരീക്ഷാഅട്ടിമറിയില് ഇരുവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരേയും അന്വേഷണസംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇവര്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുക.
വിവാദപരീക്ഷയുടെ മൂല്യനിര്‍ണ്ണയ ചുമതല സതീഷിനായിരുന്നു എന്നാണ് വിവരം. അന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് ആദ്യം കിട്ടിയത് ഇരുവര്‍ക്കും എതിരേയുള്ള തെളിവുകളാണ്. ഹൈക്കോടതി തന്നെ എന്തുകൊണ്ട് അറസ്റ്റ് നടക്കുന്നില്ല എന്ന് ചോദിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രണ്ടു മണിയോടെയാണ് എം.ആര്. ബൈജുവിനെ ചോദ്യം ചെയ്യുക.