കൊച്ചി: പ്രമുഖ ചലച്ചിത്ര താരം നിവിന്‍ പോളി, സംവിധായകന് എബ്രിഡ് ഷൈന്‍ എന്നിവര്‍ക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് കേരള ഹൈക്കോടതി റദ്ദാക്കി. 1.9 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചു നിര്‍മ്മാതാവ് പി.എസ്. ഷംനാസ് നല്കിയ പരാതിയിലാണ് തലയോലപ്പറമ്പ് പോലീസ് താരത്തിനും സംവിധായകനുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇതിനൊപ്പം, നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി നിര്‍മ്മിച്ചുവെന്നാരോപിച്ച് ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്.
ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങള്‍ സൗഹാര്‍ദ്ദപരമായി ഒത്തുതീര്പ്പിലെത്തിയതിനാലും, പരസ്പരം മറ്റ് പരാതികളോ തര്‍ക്കങ്ങളോ ഇല്ലാത്തതിനാലും കേസുകളുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് ജസ്റ്റിസ് പി.വി. ബാലകൃഷ്ണന് ചൂണ്ടിക്കാട്ടി. കേസിലെ വസ്തുതകളും കോടതിയില്‍ സമര്‍പ്പിച്ച രേഖകളും പരിശോധിച്ചതില്‍നിന്ന് ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി ബോധ്യപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഗുരുതര സ്വഭാവമുള്ളതല്ല. മാത്രമല്ല, കേസ് തുടര്‍ന്നു കൊണ്ടുപോയാലും പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത തീര്‍ത്തും വിരളമാണെന്നിരിക്കെ വിചാരണ നടപടികളുമായി മുന്നോട്ടുപോകുന്നത് കോടതിയുടെ സമയം പാഴാക്കലാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
'ഇന്ത്യന്‍ മൂവി മേക്കേഴ്സ്' ഉടമയായ പി.എസ്. ഷംനാസ് കോട്ടയം തലയോലപ്പറമ്പ് പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസെടുത്തിരുന്നത്. 3.5 കോടി മുതല്‍ 4 കോടി രൂപ വരെ മുടക്കി നിര്‍മ്മിച്ച 'മഹാവീര്യര്‍' എന്ന ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് ഷംനാസിന് 'ആക്ഷന്‍ ഹീറോ ബിജു 2' എന്ന പുതിയ ചിത്രത്തില്‍ സഹനിര്‍മ്മാതാവ് പദവിയും വിദേശ വിതരണാവകാശത്തില്‍ നിന്നുള്ള ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നുവെന്നായിരുന്നു പരാതി. പിന്നീട് ചിത്രത്തിന്റെ ടൈറ്റില്‍ കൈമാറ്റം രഹസ്യമാക്കി വെക്കുകയും, കാലാവധി കഴിഞ്ഞ പഴയ കരാര്‍ ഉപയോഗിച്ച് ദുബായ് ആസ്ഥാനമായുള്ള കമ്പനിക്ക് ചിത്രത്തിന്റെ വിദേശ വിതരണാവകാശങ്ങള്‍ അഞ്ച് കോടി രൂപയ്ക്ക് വിറ്റ് തനിക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ചുവെന്നുമാണ് ഷംനാസ് ആരോപിച്ചിരുന്നത്.
ഇതിനുപിന്നാലെ, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സില്‍ സമര്‍പ്പിച്ച രേഖകളില്‍ തന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് നിവിന്‍ പോളി മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് ഷംനാസിനെതിരെ ഐപിസി 465 (വ്യാജരേഖ ചമയ്ക്കല്‍), 471 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷംനാസും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.