തിരുവനന്തപുരം: വിദ്യാർഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ പ്രാഥമിക രൂപരേഖ തയ്യാറാക്കി. ആദ്യഘട്ടത്തിൽ എൽ.പി. സ്കൂളുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. അടുത്ത അധ്യയന വർഷം മുതൽ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.
മാപ്പുകൾ കാണുക
ബാഗിന്റെ ഭാരം വിദ്യാർഥികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി പഠനരീതിയിലും പാഠപുസ്തകങ്ങളുടെ ക്രമീകരണത്തിലും മാറ്റങ്ങൾ കൊണ്ടുവരും.
ഒരു ദിവസം പരമാവധി നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിൽ ടൈംടേബിൾ ക്രമീകരിക്കാനാണ് ആലോചന. രണ്ട് സെറ്റ് പാഠപുസ്തകങ്ങൾ തയ്യാറാക്കി ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കുന്ന രീതിയും പരിഗണനയിലുണ്ട്. ഇതിലൂടെ ദിവസവും എല്ലാ പുസ്തകങ്ങളും സ്കൂളിലേക്ക് കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കാനാകും.
വിദ്യാർഥികൾക്ക് ആവശ്യമായ കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽത്തന്നെ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഡിജിറ്റൽ പഠനസൗകര്യങ്ങൾ വർധിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
വിദ്യാർഥികളുടെ ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനൊപ്പം പഠനം കൂടുതൽ സൗകര്യപ്രദമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിലെ അനുഭവങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.