ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യൻ ടീം റെഡി; പ്രിയതാരം തിരിച്ചെത്തി, ബുംറയ്ക്ക് ‘ഫിറ്റ്‌നസ് ടെസ്റ്റ്’

മുംബയ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 മുതൽ ഗാലെയിൽ ആരംഭിക്കുന്ന പരമ്പരയിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ക്യാപ്റ്റൻ. പതിനഞ്ചംഗ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലാണ്. അജിത് അഗാക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ വിശ്രമം അനുവദിച്ചിരുന്ന ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തി. ജഡേജയുടെ തിരിച്ചുവരവ് ഇന്ത്യൻ സ്പിൻ നിരയ്ക്ക് വലിയ കരുത്താകും. ടെസ്റ്റ് ക്രിക്കറ്റിലെ നീണ്ട സ്പെല്ലുകൾ എറിയുന്നതിന് അദ്ദേഹം ഇപ്പോൾ പൂർണ്ണ സജ്ജനാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. വാഷിംഗ്ടൺ സുന്ദർ നിലവിൽ പരിക്കിന്റെ പിടിയിലായതിനാൽ ജഡേജയുടെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് കരുത്തേകുമെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ പ്രതീക്ഷ.

പരിക്കിൽ നിന്ന് പൂർണ മുക്തി നേടിയിട്ടില്ലെങ്കിലും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ, സായ് സുദർശൻ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്നെസ് ടെസ്റ്റ് പൂർത്തിയാക്കിയാൽ മാത്രമാകും ഇരുവരുടേയും അന്തിമ ഇലവനിലേക്ക് പരിഗണിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് ഓ​ഗസ്റ്റ് 15 മുതൽ 19 വരെയും രണ്ടാം ടെസ്റ്റ് 23 മുതൽ 27 വരെയുമാണ്.

പരിചയ സമ്പന്നരായ താരങ്ങൾക്കൊപ്പം യുവതാരങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് ടീം സെലക്ഷൻ. ഓൾ റൗണ്ടർ സാരൻഷ് ജെയ്ൻ, സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ​ഗുർനൂർ ബ്രാർ എന്നിവരെയും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. ഇരുവരുടെ ടെസ്റ്റ് ഫോർമാറ്റിലെ കന്നി പരമ്പരയാണിത്.

പരിക്കിൽ നിന്ന് മുക്തി നേടാത്ത നിതീഷ് റെഡ്ഡി, ഹർഷിത് റാണ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് ഏഴിന് കൊളംബോയിലെ നാല് ദിവസത്തെ സന്നാഹ മത്സരത്തിന് തയ്യാറെടുക്കുന്നതിനായി ഇന്ത്യ അടുത്ത മാസം ആദ്യവാരം ശ്രീലങ്കയിലെത്തും.

ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, സായി സുധർശൻ, കരുൺ നായർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, സാരൻഷ് ജെയ്ൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *