കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെ യു.ഡി.എസ്.എഫ് – എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം എസ്.പി. ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരമാണ് നടപടി. സർവകലാശാലയിലെ പഠന വകുപ്പുകൾ ഉൾപ്പെടെയുള്ളവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുരുഷ ഹോസ്റ്റലുകളിലുള്ള മുഴുവൻ വിദ്യാർഥികളും ഒഴിയണമെന്ന് സർവകലാശാല അധികൃതർ നിർദേശം നൽകി.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് ദിവസം ഉച്ചയോടെ ആരംഭിച്ച യു.ഡി.എസ്.എഫ് – എസ്.എഫ്.ഐ സംഘർഷം വിവിധയിടങ്ങളിലേക്ക് വ്യാപിച്ചു. മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചതായി ഫലം പുറത്തുവന്നതോടെ അർധരാത്രിയിലും അക്രമസംഭവങ്ങൾ തുടർന്നു. ഉച്ചയ്ക്കുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് എസ്.എഫ്.ഐ പ്രവർത്തകർ ചികിത്സയിൽ കഴിഞ്ഞിരുന്ന ചേളാരിയിലെ ആശുപത്രിയിലേക്ക് എം.എസ്.എഫ് പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം നടത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.
ഇതിന് പിന്നാലെ പുലർച്ചെ രണ്ടരയോടെ എം.എസ്.എഫ് പ്രവർത്തകരായ സുഫിയാന്റെ ചാപ്പനങ്ങാടിയിലെ വീട്ടിലും വളാഞ്ചേരിയിലെ നൗഫലിന്റെ വീട്ടിലും പെട്രോൾ ബോംബ് എറിഞ്ഞതായും റിപ്പോർട്ടുണ്ട്. തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചിടാനും ഹോസ്റ്റലുകൾ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം നൽകാനും സർവകലാശാല അധികൃതർ തീരുമാനിച്ചത്.