തിരുവനന്തപുരം: കേരള പിഎസ്സിയുടെ എൽപിഎസ്ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത് ഉദ്യോഗാർത്ഥികൾ. സമരം തുടങ്ങി 113-ാം ദിവസമാണ് ശക്തമായ പ്രതിഷേധത്തിലേക്ക് ഉദ്യോഗാർത്ഥികൾ കടന്നിരിക്കുന്നത്. സമരസമിതി കൺവീനർ വളർമതിയാണ് തല മുണ്ഡനം ചെയ്തത്. അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചു
സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു തീരുമാനവും ഉണ്ടാകാഞ്ഞ പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ നടപടി കടുപ്പിച്ചത്. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് അർഹമായ നിയമനം ഉടൻ ഉറപ്പാക്കുക, പ്രധാന ആവശ്യമായ വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം 1:25 ആയി പുനർനിശ്ചയിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടുകയും കോഴ നിയമനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.