പാലക്കാട്: സ്കൂൾ കുട്ടികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിൽ വെച്ച് പൂർണമായും കത്തിനശിച്ചു. ബസിലുണ്ടായിരുന്ന 45 കുട്ടികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവുമടക്കം 49 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ വിനോദയാത്ര പുറപ്പെട്ട സംഘം കൊടൈക്കനാൽ സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഞായറാഴ്ച ഉച്ചയോടെ തമിഴ്നാട്ടിലെ തേനി ജില്ലയിലെ ദേവദാനപെട്ടിക്ക് സമീപമായിരുന്നു സംഭവം. യാത്രയ്ക്കിടെ ബസിന്റെ പിൻഭാഗത്തെ ചക്രം പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് ബസ് നിർത്തി പരിശോധിക്കുന്നതിനിടെ പിൻഭാഗത്തുനിന്ന് തീപ്പൊരി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ ബസ് ജീവനക്കാരും അധ്യാപകരും ഇടപെട്ട് കുട്ടികളെ വാഹനത്തിൽ നിന്ന് വേഗത്തിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നാലെ ബസിന് തീപിടിച്ച് പൂർണമായും കത്തിനശിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീയണച്ചെങ്കിലും ബസിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും ബാഗുകളും ലഗേജുകളും ഉൾപ്പെടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങളും തീയിൽ നശിച്ചു.
അപകടത്തെ തുടർന്ന് മറ്റൊരു വാഹനം എത്തിച്ച് കുട്ടികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. ബസ് ജീവനക്കാരുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.