പൂനെ: മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടർക്ക് സസ്പെൻഷൻ. യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ വൈഭവ് അവിനാഷ് മസ്കെയെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
പിംപ്രി-ചിഞ്ച്വാഡിലെ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ മോർച്ചറിയിലിരുന്ന് വൈഭവ് അവിനാഷ് മദ്യപിക്കുകയായിരുന്നു. മരണസർട്ടിഫിക്കറ്റ് വാങ്ങാനായി രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് കാത്തുനിന്ന ഒരാളാണ് ഡോക്ടർ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
മുറിക്കുള്ളിലെ മേശയിൽ ഭക്ഷണസാധനങ്ങളും മദ്യകുപ്പിയും ഇരിക്കുന്നതും തൊട്ടടുത്തുള്ള സോഫയിൽ ഡോക്ടർ വൈഭവ് അവിനാഷ് കിടക്കുന്നതും വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പിംച്രി-ചിഞ്ച്വാഡ് മുൻസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ കുൽദീപ് ജംഗം വിഷയത്തിൽ ഇടപെടുകയായിരുന്നു.
മഹാരാഷ്ട്ര സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഡോക്ടർക്കെതിരെ 15 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നും അധികൃതർ അറിയിച്ചു.