ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിന് നേരെ ആക്രമണം. 27 ഇന്ത്യൻ ജീവനക്കാരുമായി പോയ ‘എംടി ലൂയിസ് 1’ എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ചെറിയ ബോട്ടിലെത്തിയ സംഘം കപ്പലിന്റെ അടിഭാഗത്ത് രണ്ട് ലിമ്പറ്റ് മൈനുകൾ (കാന്തങ്ങൾ ഉപയോഗിച്ച് ഒട്ടിച്ചുവയ്ക്കുന്ന ഒരുതരം നാവിക സ്ഫോടക വസ്തു) ഒട്ടിച്ചുവയ്ക്കുകയായിരുന്നു.
ഇതേത്തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുകയും ചെയ്തു. ജീവനക്കാർ ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പരിസ്ഥിതി മലിനീകരണമോ എണ്ണച്ചോർച്ചയോ ഉണ്ടായിട്ടില്ലെന്നും കപ്പൽ യാത്ര തുടർന്നതായും അധികൃതർ അറിയിച്ചു. ഒമാൻ തീരത്തെ ഖസബിൽ നിന്ന് 46 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ അറിയിച്ചു.
വ്യാഴാഴ്ച രണ്ട് ഇന്ത്യൻ ജീവനക്കാരുമായി പോയ ‘എംടി അർസാനാ’ എന്ന ഭീമൻ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നിരുന്നു. ഫെബ്രുവരിയിൽ യുഎസും ഇറാനും തമ്മിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പലുകൾക്കുനേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതാദ്യമായാണ് ലിമ്പറ്റ് മൈനുകൾ ഉപയോഗിച്ചുള്ള ആക്രമണം വിജയകരമായി നടക്കുന്നത്. കടലിടുക്കിലെ തങ്ങളുടെ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇറാൻ ഈ മേഖലയിൽ കപ്പലുകളെ ലക്ഷ്യമിടുന്നത്. ആക്രമണത്തിന് ഇരയായ കപ്പലുകളിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.