ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യൻ നാവികർക്ക് പരിക്ക്. പനാമയുടെ പതാകയേന്തിയ 'എം.ടി. ഓൺ പീസ്' എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
കപ്പൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ പ്രോജക്ടൈൽ പതിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരായിരുന്നു. പരിക്കേറ്റ 12 നാവികരിൽ 11 പേർ ഇന്ത്യക്കാരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുകയും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒമാൻ അധികൃതരുടെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവർ ഒമാനിലെ ഖസബിൽ ചികിത്സയിൽ കഴിയുകയാണ്. രക്ഷാപ്രവർത്തനത്തിൽ സഹായിച്ച ഒമാൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിച്ചു. അതേസമയം റുമാനിയയുടെ സമുദ്രാതിർത്തിക്ക് പുറത്തുവച്ച് മറ്റൊരു വാണിജ്യ കപ്പലിന് നേരെയും റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായി. 'എം.വി. റിയാദ് മമ്മദോവ്' എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേൽക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. കപ്പലിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.