തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ബിജെപി കൗണ്‍സിലറെ അറസ്റ്റുചെയ്ത വിഷയത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. വാഴോട്ടുകോണം കൗണ്‍സിലറായ ആര്‍. സുഗതനെയാണ് പോലീസ് ഇന്നലെ അര്‍ധരാത്രിയോടെ വീട്ടിലെത്തി അറസ്റ്റുചെയതത്. സുഗതനെ പോലീസ് മനപ്പൂര്‍വം കുടുക്കിയതാണെന്നും ഇതിനുപിന്നില്‍ ഒരു മുന്‍ എല്‍ഡിഎഫ് എംഎല്‍എയും വട്ടിയൂര്‍ക്കാവ് സിഐ വിപിനും ആണെന്ന് വി.വി. രാജേഷ് ആരോപിച്ചു.
പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കേസുകള്‍ മാത്രമാണ് സുഗതന്റെ പേരിലുള്ളതെന്നും അത്തരത്തിലുള്ള നൂറുകണക്കിന് കേസുകള്‍ തന്റെ പേരിലുമുണ്ടെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ മാനസികാവസ്ഥയുള്ള പോലീസ് ഉദ്യോഗസ്ഥനാണ് സിഐ വിപിനെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒത്താശയോടെ അദ്ദേഹം സുഗതനെ മനപ്പൂര്‍വം വേട്ടയാടുകയാണെന്നും മേയര്‍ ആരോപിച്ചു.
‘ഞാന്‍ മേയറായിരിക്കുന്ന കോര്‍പറേഷനിലെ വാര്‍ഡ് കൗണ്‍സിലറാണ് ആര്‍. സുഗതന്‍. സുഗതന്‍ കാപ്പ കേസിലെ പ്രതിയാണോ എന്നതിനുള്ള തെളിവുകള്‍ പോലീസ് പൊതുസമൂഹത്തെ കാണിക്കണം. അല്ലെങ്കില്‍ രേഖകള്‍ എന്നെ കാണിച്ച് ബോധ്യപ്പെടുത്തണം’, അദ്ദേഹം പറഞ്ഞു.
‘കാപ്പ കേസില്‍ ഒരു വ്യക്തിയെ പ്രതിയാക്കുന്നതിന് മുമ്പ് പല നടപടികളും ഉണ്ട്. ഒരാളെ കാപ്പ കേസില്‍ പെടുത്തിയാല്‍ അയാളെ അത് രേഖാമൂലം അറിയിക്കണം. അദ്ദേഹത്തെ വിളിപ്പിക്കുകയും അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കുകയും ബോണ്ട് വെക്കുകയും ജാമ്യത്തില്‍ വിടേണ്ടതുമാണ്. നിരീക്ഷണത്തില്‍ വെക്കുകയും വേണം. അതില്‍ ഏതെങ്കിലും ഒരു നടപടി പോലീസ് പാലിച്ചതായി കാണിക്കട്ടെ’, മേയര്‍ പറഞ്ഞു.
‘ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെ, പാതിരാത്രി ഒരു വീട്ടില്‍ കയറി, സ്ത്രീകളും കുഞ്ഞുങ്ങളും കൗണ്‍സിലറും മാത്രമുള്ള സമയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റ് നടന്നത്. അടുത്ത വീട്ടില്‍നിന്നും ഓടിയെത്തിയ ഒരു സ്ത്രീയും പുരുഷനും, പിന്നെ സുഖമില്ലാത്തതിന് ആശുപത്രിയില്‍ കാണിക്കാന്‍ കുറച്ച് പണം കടംവാങ്ങാന്‍ സുഗതന്റെ അടുത്തെത്തിയ ആളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.’ മേയര്‍ വ്യക്തമാക്കി.
‘ചെന്നമാത്രയില്‍ തന്നെ വട്ടിയൂര്‍ക്കാവ് സിഐ വിപിന്‍ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ചു. സുഗതന്റെ 14 വയസുള്ള മകന്റെ നേരെയാണ് ആദ്യം തോക്ക് ചൂണ്ടിയത്. അതിനുശേഷം അയാളുടെ ഭാര്യ അശ്വതിയെ മര്‍ദിച്ചു. ആകാശത്തേക്ക് വെടിവെച്ച് ഒരു കൗണ്‍സിലറെ പിടികൂടേണ്ട സാഹചര്യം വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ ഉണ്ടോ?’ മേയര്‍ വി.വി. രാജേഷ് ചോദിച്ചു.
സുഗതന്‍ വധശ്രമക്കേസ് പ്രതിയാണ് എന്നകാര്യം അറിയാമോ എന്ന ചോദ്യത്തിന്, ‘സമരങ്ങളുടെ ഭാഗമായി എനിക്കെതിരെയും 307, 308 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അത് ആരെയെങ്കിലും ബോധപൂര്‍വം കൊല്ലാന്‍ ശ്രമിച്ചു എന്നതുകൊണ്ടാണോ?’ എന്ന മറുചോദ്യമാണ് മേയര്‍ ഉന്നയിച്ചത്. സിപിഎമ്മിന്റെ ഒത്താശയോടെ വട്ടിയൂര്‍ക്കാവ് സിഐ സ്ഥിരമായി സുഗതനെ വേട്ടയാടാന്‍ ശ്രമിച്ചിരുന്നതായും മേയര്‍ ആരോപിച്ചു.
‘വെള്ളക്കടവില്‍ ഒരു അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ചെറിയ തര്‍ക്കം, മൈക്ക് സെറ്റ് വെക്കുന്നതുമായി ബന്ധപ്പെട്ട് സിഐ വിപിന്‍ ഉണ്ടാക്കിയ തര്‍ക്കമാണത്. അതില്‍ സുഗതനെ പെടുത്തിയതാണ്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സുഗതന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അയാളോട് 10 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.’
‘പക്ഷേ അപ്പോഴേക്കും സുഗതന് ചിക്കന്‍പോക്സായി. ഇത് ചൂണ്ടിക്കാണിച്ച്, സുഗതന്‍ സമയം നീട്ടിക്കിട്ടുന്നതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോടെ ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. അതില്‍ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് ഇന്നലെ അര്‍ധരാത്രിയില്‍ സുഗതന്റെ വീട്ടില്‍ പോലീസ് തോക്കുമായി ചാടിവീണത്’, മേയര്‍ പറഞ്ഞു.
‘നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വട്ടിയൂര്‍ക്കാവ് മേഖലയില്‍ ഉണ്ടായിട്ടുള്ള എല്ലാ അതിക്രമങ്ങളുടെയും പിന്നില്‍ സിഐ വിപിന്‍ എന്ന ക്രിമിനല്‍ മാനസികാവസ്ഥയുള്ള പോലീസ് ഉദ്യോഗസ്ഥനാണ്. ഇക്കാര്യം ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥന്മാരെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിപിനെതിരെ ഡിപ്പാര്‍ട്ടുമെന്റ് തലത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.’
‘അതിനുപിന്നാലെ, നിര്‍ബന്ധിത അവധിയില്‍ പോകണമെന്ന് വിപിനോട് അവശ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹം അവധിയില്‍ ആയിരുന്നു. എല്‍ഡിഎഫിന്റെ ഒരു മുന്‍ എംഎല്‍എ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ചെന്നിരുന്ന് നിര്‍ബന്ധം ചെലുത്തിയിട്ടാണ് വിപിന്റെ അവധി ക്യാന്‍സല്‍ചെയ്ത് തിരിച്ചുകൊണ്ടുവന്നത്. സുഗതനെ ഇത്തരത്തില്‍ കേസില്‍ പെടുത്തുവാന്‍ വേണ്ടിയാണ് ഈ നീക്കം നടത്തിയത്’, മേയര്‍ പറഞ്ഞു.
രാഷ്ട്രീയപ്രവര്‍ത്തകനായതിന്റെ പേരില്‍ തന്റെ പേരിലും നൂറുകണക്കിന് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും അത്തരത്തില്‍ മാത്രമുള്ളതാണ് സുഗതനെതിരെയുള്ള കേസുകളെന്നും മേയര്‍ പറഞ്ഞു. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് എതിര്‍ പാര്‍ട്ടിയിലുള്ള ഒരാളെ കാപ്പ കേസില്‍ കുടുക്കണമെങ്കില്‍ അത് നടത്തിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.