കൊയിലാണ്ടി:ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിവ് (17), ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി കാപ്പാട് വികാസ്നഗർ പാണംകുളംകുനി സ്വദേശി അവനിക (14) എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരുടെയും ബന്ധുക്കൾ രാത്രി വൈകി തിരിച്ചറിഞ്ഞു. ഇന്നലെ വൈകിട്ട് ആറുമണിയോടെ മംഗലാപുരം- ചെന്നൈ മെയിലാണ് തട്ടിയത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയതിനാൽ ആ സമയം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തുള്ള റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.