തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കും. പ്രമേയത്തെ ഇടതുപക്ഷം പിന്തുണയ്ക്കും.
മൂന്ന് ബി.ജെ.പി. നിയമസഭാംഗങ്ങള്‍ പ്രമേയത്തെ എതിര്‍ക്കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിക്കാനുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ നീക്കം. ഇന്ന് മുതല്‍ 29 വരെയാണ് സഭ സമ്മേളിക്കുക. പുതിയ എക്‌സൈസ് നയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനത്തെ പ്രക്ഷുബ്ദമാക്കും. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സമഗ്രമായ വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ട് ടൂറിസം സൗഹൃദപരമായ പുതിയ എക്‌സൈസ് നയം സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. എന്നാല്‍, തങ്ങളോട് കുടിയാലോചന നടത്താതെ മുഖ്യമന്ത്രി ഒറ്റയ്ക്ക് എടുക്കുന്ന തീരുമാനം സഭയ്ക്കകത്തും പുറത്തും ചോദ്യംചെയ്യാനാണ് പ്രതിപക്ഷ നീക്കം.
സംസ്ഥാനത്തെ ടൂറിസം മേഖലയുടെ കുതിച്ചുചാട്ടത്തിന് തടസമാകുന്നതോ എതിരുനില്‍ക്കുന്നതോ ആയ യാതൊരു തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ഇതിനായുള്ള പുതിയ നയരൂപീകരണ പ്രക്രിയ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡല്‍ഹി സമരത്തില്‍ സജീവ പങ്കാളിത്തം വഹിക്കവേ മുഖ്യമന്ത്രി നടത്തുന്നത് 'വണ്‍ മാന്‍ ഷോ' ആണെന്നാണ് പ്രതിപക്ഷ വികാരം. ഭരണപക്ഷത്തെ പലര്‍ക്കും ഇതേ മനസാണെങ്കിലും അവര്‍ പരസ്യമായി പ്രതികരിക്കുന്നില്ലെന്നു മാത്രം.യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം മുന്നണിയില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. ഇതിനിടെയാണ് മദ്യനയം എന്താകുമെന്ന സൂചന മുഖ്യമന്ത്രി തന്നെ നല്‍കിയത്.
കേരളത്തെ രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തില്‍ വേറിട്ടൊരു കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും രണ്ട് വര്‍ഷത്തിനകം ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. അതിന് അനുയോജ്യമായ ലോകോത്തര താമസ-സൗകര്യങ്ങള്‍ സംസ്ഥാനത്തുടനീളം ഒരുക്കേണ്ടതുണ്ട്. ഇതിനായി പ്രമുഖ ആഗോള, ദേശീയ ഹോട്ടല്‍ ശൃംഖലകളുടെ പങ്കാളിത്തത്തോടെ 25 പുതിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കാന്‍ ധാരണയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.
സംസ്ഥാനത്തെ എസ്‌റ്റേറ്റ് ഭൂമികളുടെ വിനിയോഗത്തില്‍ വലിയ മാറ്റം വരുത്തുന്ന പ്ലാന്റേഷന്‍ ടൂറിസത്തിന് അനുമതി നല്‍കുന്ന നിര്‍ണായക നിയമ ഭേദഗതി നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക രീതിയിലുള്ള ഓഷ്യനേറിയം, രാജ്യാന്തര മാരിടൈം മ്യൂസിയം എന്നിവ സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കും. ആരോഗ്യ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നല്‍ നല്‍കി മികച്ച ആയുര്‍വേദ-വെല്‍നസ് കേന്ദ്രങ്ങളും വിദ്യാഭ്യാസ രംഗത്തെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളായ നോളജ് വാലികളും വികസിപ്പിച്ചെടുക്കും.
യൂറോപ്യന്‍ മാതൃക പിന്തുടര്‍ന്ന് കേരളത്തിലെ 44 നദികളെ തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് വിപുലമായ റിവര്‍ ക്രൂയിസ് ശൃംഖല യാഥാര്‍ത്ഥ്യമാക്കും. ഇതിനൊപ്പം കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് രാജ്യാന്തര നിലവാരത്തിലുള്ള ക്രൂയിസ് ടെര്‍മിനലുകളും സജ്ജമാക്കും. സംസ്ഥാനത്തെ നാല് രാജ്യാന്തര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ച് പൈലറ്റ് പരിശീലനം, ഹെലികോപ്റ്റര്‍ ട്രെയിനിങ്, എം.ആര്‍.ഒ. സംവിധാനങ്ങള്‍ എന്നിവയടങ്ങുന്ന ഒരു വമ്പന്‍ ഏവിയേഷന്‍ ഹബ്ബായി കേരളത്തെ മാറ്റിത്തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് അഞ്ചുലക്ഷത്തോളം കോടി രൂപയുടെ ഭീമമായ കടബാധ്യതയുണ്ട്. എന്നാല്‍ അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ നികുതി തുക വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി തങ്ങള്‍ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ന്യായമായ നിരക്കുകള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് വേണ്ടത്. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള കേരളത്തിലെ രണ്ട് രാജ്യാന്തര തുറമുഖങ്ങളെയും 18 ചെറുകിട തുറമുഖങ്ങളെയും തമ്മില്‍ സമഗ്രമായി സംയോജിപ്പിക്കും. അങ്ങനെ കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശത്തെ ഒരു സമ്പൂര്‍ണ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പെയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.
കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാല്‍) വിജയകരമായി നടപ്പാക്കിയ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക സംസ്ഥാനത്തെ മറ്റ് പദ്ധതികളിലും നടപ്പിലാക്കും. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂമി ഓഹരിയായി നല്‍കി പ്രവാസികള്‍ക്ക് 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ വികസന പദ്ധതികളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുന്ന സാമ്പത്തിക മാതൃകകള്‍ ഉടന്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും വി.ഡി. സതിശന്‍ പറഞ്ഞു.അതേസമയം, നിയമസഭയില്‍ പ്രഖ്യാപിക്കേണ്ടതടക്കമുള്ള കാര്യങ്ങള്‍ സഭ സമ്മേളിക്കാനിരിക്കെ മുഖ്യമന്ത്രി തന്നെ പുറത്തുവിട്ടതിന്റെ അമ്പരപ്പ് യു.ഡി.എഫ്. കേന്ദ്രങ്ങളിലും ഉണ്ട്. ഒന്‍പതു ദിവസമാണ് നിയമസഭ ചേരുന്നത്.
സര്‍ക്കാര്‍ കാര്യത്തിനായി 12, 13, 14, 15, 27, 28, 29 തീയതികളില്‍ സഭ സമ്മേളിക്കും. 16-ന് അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനായും 26-ന് പുതുക്കിയ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളേയും 2017 മുതലുള്ള 5 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളെയും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പിനുമായി സഭ സമ്മേളിക്കും. ഉപധനാഭ്യര്‍ത്ഥനകളെയും അധിക ധനാഭ്യര്‍ഥനകളെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ 29-ന് ഉച്ചയ്ക്കുശേഷം ഒന്നു മുതല്‍ രണ്ട് വരെ സഭ പരിഗണിക്കും. ഇന്ന് 2026-ലെ കേരള കോര്‍ട്ട് ഫീസും വ്യവഹാര സലയും (ഭേദഗതി) ബില്‍, ദി മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് (ഭേദഗതി) ബില്‍ 2026 എന്നിവ അവതരിപ്പിക്കും.