ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയില്‍. കോണ്‍ഗ്രസ് ലീഗല്‍ ടീം പത്ത് ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ ഇന്നലെ ഹര്‍ജി ഫയല്‍ ചെയ്തു.
'വോട്ട് ചോരി' ആരോപണം ഉന്നയിച്ച് ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഡല്‍ഹിയില്‍ ഒത്തുകൂടുകയും സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്ത ദിവസമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. രാഹുല്‍ഗാന്ധി, ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി പ്രസാദ് യാദവ്, സുപ്രിയ സുലെ, ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്, ഡി. രാജ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മഹുവ മാജി, എം.എ. ബേബി, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്, തിരഞ്ഞെടുപ്പ് പാനല്‍ തലവന്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരെയാണ് എതിര്‍കക്ഷികള്‍ ആക്കിയിരിക്കുന്നത്. അതേസമയം സംയുക്ത ഹര്‍ജിയില്‍ 220 രൂപയുടെ കോടതി ഫീസ് ഉള്‍പ്പെടെ 14 'പിഴവുകള്‍' ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒന്‍പത് ഹര്‍ജിക്കാര്‍ ഒപ്പുവെക്കാത്തതും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ രേഖയുടെ വ്യക്തതയില്ലാത്ത ഫോട്ടോകോപ്പി ചേര്‍ത്തിട്ടില്ലെന്നും പറയുന്നു.
റജിസ്ട്രി ചൂണ്ടിക്കാണിച്ച മറ്റ് ആക്ഷേപങ്ങളില്‍, ചില നിയമപരമായ രേഖകള്‍ ചേര്‍ക്കാത്തത്, ചെറിയ ഫോണ്ടുകള്‍, പ്രത്യേക രണ്ട് രേഖകളുടെ 'വര്‍ണ്ണ പകര്‍പ്പുകള്‍' സമര്‍പ്പിക്കാത്തത് തുടങ്ങിയ അപാകതകളും ഉള്‍പ്പെടുന്നു. അവ്യക്തമായ അക്ഷരങ്ങള്‍, നമ്പര്‍ അനുസരിച്ച് പേജുകള്‍ ഇല്ലാത്തത്, പ്രാദേശിക ഭാഷയിലുള്ള പേജുകള്‍, പേജ് നമ്പറിംഗിലെ പൊരുത്തക്കേടുകള്‍ എന്നിവയും സുപ്രീം കോടതി റജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന മാര്‍ച്ചില്‍ വലിയൊരു ജനക്കൂട്ടവും പ്രതിപക്ഷ നേതാക്കളും അണിനിരന്നു. മധ്യ ഡല്‍ഹിയില്‍ ഒത്തുകൂടിയ ഇവര്‍ പിന്നീട് സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
വോട്ട് മോഷണം അവസാനിപ്പിക്കുക, ഗ്യാനേഷ് കുമാര്‍ രാജി വെക്കുക, വോട്ടര്‍ പട്ടികയുടെ എസ്.ഐ.ആര് നടപടികള്‍ നിര്‍ത്തിവെക്കുക, ബാലറ്റ് പേപ്പറുകളിലേക്ക് തിരികെ പോകുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിക്കുന്നതിനാണ് ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ ചീഫ് ജസ്റ്റിസിനെ കാണാന്‍ അനുമതി തേടിയത്. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചക്കുള്ള അപേക്ഷ നിരസിച്ചു.