മെഡിക്കൽഷോപ്പ് വഴി ലഹരിമരുന്ന് വിൽക്കുന്നത് ചോദ്യം ചെയ്‌തു; സാമൂഹിക പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ചണ്ഡീഗഡ്: ലഹരിമരുന്നുകൾ അനധികൃതമായി വിൽക്കുന്നെന്നാരോപിച്ച് മെഡിക്കൽ ഷോപ്പുടമയെ ചോദ്യംചെയ്‌ത സാമൂഹിക പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ മാർസയിലാണ് സംഭവം. ലഹരിവിരുദ്ധ പ്രവർത്തകനായ പർവീന്ദർ സിംഗ് ഝോട്ടയാണ് കൊല്ലപ്പെട്ടത്. ഇയാൾക്കുനേരെ വെടിയുതിർത്ത മെഡിക്കൽ ഷോപ്പുടമ സംഭവശേഷം ഒളിവിൽ പോയി.

അമിതമായി ലഹരിപകരുന്ന മരുന്നുകൾ മെഡിക്കൽ ഷോപ്പുകൾവഴി അനധികൃതമായി വിൽക്കുന്നുണ്ടെന്നാരോപിച്ചാണ് ഝോട്ട ഷോപ്പുടമയെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ഇതിന്റെ ലൈവ് ദൃശ്യങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തു. അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ളതാണ് വീഡിയോ.

മെഡിക്കൽ ഷോപ്പിൽനിന്ന് ലഹരിമരുന്ന് വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന വയോധികനെയും വീഡിയോയിൽ കാണാം. തുടർന്ന് കടയുടമയും ഝോട്ടയും തമ്മിൽ വാക്കേറ്റമുണ്ടാകുന്നു. ഷോപ്പുടമയുടെ കൈവശം തോക്കിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ, എന്നെ വെടിവയ്‌ക്കെന്ന് ഝോട്ട കടയുടമയോട് ആവർത്തിച്ച് പറയുന്നുണ്ട്. എന്തിനാണ് തോക്ക് കൈവശം വച്ചിരിക്കുന്നതെന്നും അയാൾ ചോദിക്കുന്നുണ്ട്. പൊലീസിനെ വിളിക്കാനും കൂടുതൽ ആളുകളെ സ്ഥലത്തെത്തിക്കാനും ഢോട്ട ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം.

മെഡിക്കൽ സ്റ്റോറിലെ സിസിടിവി ദൃശ്യങ്ങൾ കാണിക്കണമെന്ന് ഝോട്ട ആവശ്യപ്പെട്ടതോടെ തർക്കം രൂക്ഷമായി. ഏകദേശം നാല് മണിക്കൂർ നീണ്ട വാക്കേറ്റത്തിനൊടുവിൽ ഷോപ്പുടമ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഝോട്ട നിലത്തുവീണതോടെ അദ്ദേഹത്തിന്റെ ഫോൺ നിലത്തുവീഴുകയും ഫേസ്‌ബുക്ക് തത്സമയ സംപ്രേക്ഷണം അവസാനിക്കുകയും ചെയ്‌തു. പഞ്ചാബിൽ ലഹരിഉപയോഗം വ്യാപകമാകുന്നുവെന്ന ചർച്ചകൾക്കിടെയാണ് ഝോട്ടയുടെ കൊലപാതകം. ലഹരിമാഫിയയെ ചെറുക്കുന്നതിനായി ഭഗവന്ത് മൻ സർക്കാർ 'യുദ്ധ് നശിയാൻ വിരുദ്ധ്' എന്ന പേരിൽ ലഹരിവിരുദ്ധ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *