ഇസ്ലാമാബാദ്: സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 28 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും മരിച്ചു. പാകിസ്ഥാനിലെ പെഷാവറിലാണ് വൻ ദുരന്തമുണ്ടായത്. 40ലേറെ പേർക്ക് പരിക്കേറ്റു. മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ തെരച്ചിൽ പുരോഗമിക്കുകയാണ്.
ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ ദിർ കോളനിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലാണ് അപകടമുണ്ടായത്. സംഭവത്തിൽ സ്കൂളിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഡെപ്യൂട്ടി കമ്മിഷണർ അഫാഖ് വാസിർ ഉത്തരവിട്ടു. സ്കൂൾ കെട്ടിടം ശോചനീയമായ അവസ്ഥയിലാണെന്നറിയിച്ച പൊലീസ് അപകടത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും വ്യക്തമാക്കി.
മരിച്ച 28 കുട്ടികളും 13 വയസും അതിന് താഴെയും പ്രായമുള്ളവരാണ്. ഇവരിൽ ആറുപേർ പെൺകുട്ടികളാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്.
അപകടത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് അദ്ദേഹം അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു.