പ്രവാസി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അബുദാബിയിൽ അമ്മയ്ക്കും 15കാരനായ മകനും ദാരുണാന്ത്യം

അബുദാബി: അബുദാബിയിൽ ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം. കാറോടിച്ചിരുന്ന പിതാവിനും അപകടത്തിൽ പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി അബുദാബി–അൽ ഐൻ റോഡിൽ അൽ വത്ബ പാലത്തിന് സമീപമായിരുന്നു അപകടം. അഷിമ ചൗധരി (48), മകൻ അരിത്ര ബിശ്വാസ് (15) എന്നിവരാണ് മരിച്ചത്. ബംഗ്ലാദേശ് എംബസി അധികൃതർ മരണവിവരം സ്ഥിരീകരിച്ചു. അപകടത്തിൽ സാരമല്ലത്ത പരിക്കേറ്റ അഷിമയുടെ ഭർത്താവ് ശ്രീ സ്വരൂപ് കാന്തി ബിശ്വാസ് ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.

തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ഒത്തുചേരലിലേക്ക് പോകുകയായിരുന്നു ഇവർ. ഇതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനം പിന്നിൽനിന്ന് ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ സുരക്ഷാവേലിയിൽ ഇടിച്ചുമറിയുകയായിരുന്നു. അഷിമ ചൗധരിയും മകനും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

2003 മുതൽ അബുദാബിയിൽ താമസിക്കുന്ന ശ്രീ സ്വരൂപ് എൻജിനീയറാണ്. ഭാര്യ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു. ദമ്പതികളുടെ മൂത്ത മകൾ ദുബായിലെ കോളേജിൽ പഠിക്കുന്നു. അപകടസമയത്ത് മകൾ വീട്ടിലായിരുന്നു. മരിച്ച അരിത്ര അബുദാബിയിലെ സ്കൂളിലാണ് പഠിച്ചിരുന്നത്. കുടുംബത്തിന്റെ സംസ്കാരച്ചടങ്ങുകൾ യുഎഇയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *