ഗുരുഗ്രാമിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ: ഭാര്യയെ കൊന്ന് ജീവനൊടുക്കുമെന്ന് യുവാവിന്റെ സന്ദേശം, അന്വേഷണം

ന്യൂഡൽഹി: ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂ‌ർ സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഇരുവരും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.

ഗുരുഗ്രാം സെക്ടർ 68ലെ വാടക അപ്പാർട്ട്മെന്റിൽ വ്യാഴാഴ്ചയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർഹാനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം തൂങ്ങിമരിക്കുകയായിരുന്നെന്ന് ഗുരുഗ്രാം പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് മുൻപ് അസ്ലം പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തി തന്റെ ഓഫീസിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. മരണവിവരം കുടുംബത്തെയും വീട്ടുടമയെയും അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.

കമ്പനി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചു. അസ്ലം ഇത്തരമൊരു കടുംകൈ ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *