‘വാടകയ്ക്ക് താമസിക്കുന്ന അങ്കിൾ മോശമായി തൊടുന്നു’; അദ്ധ്യാപികയോട് പീഡനവിവരം വെളിപ്പെടുത്തി ഏഴുവയസുകാരി

നാഗ്പൂർ: സ്കൂളിൽ നടത്തിയ ഗുഡ് ടച്ച്, ബാഡ് ടച്ച് ബോധവത്കരണ ക്ലാസിനിടെ താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് അദ്ധ്യാപികയോട് തുറന്നുപറ‌ഞ്ഞ് ഏഴുവയസുകാരി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് അമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന 47കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാടകയ്ക്ക് താമസിക്കുന്ന രാജേഷ് കനോജിയ എന്നയാൾ മോശമായി സ്പ‌പർശിക്കുന്നതായി കുട്ടി അദ്ധ്യാപികയോട് പറയുകയായിരുന്നു. തുട‌ർന്ന് അദ്ധ്യാപിക കുട്ടിയുടെ അമ്മയെ വിവരമറിയിച്ചു. അമ്മ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് കുട്ടിയെ ഇയാളുടെ മുറിയിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. സംഭവം പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ജൂൺ 30നും ഒക്ടോബർ 13നും ഇടയിലാണ് അതിക്രമം നടന്നതെന്നാണ് വിവരം.

സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിതമായ സ്പർശനത്തെക്കുറിച്ചും അനുചിതമായ സ്പർശനത്തെക്കുറിച്ചും നൽകിയ ബോധവത്കരണമാണ് കുട്ടിക്ക് തനിക്കുണ്ടായ അനുഭവം തുറന്നുപറയാൻ സഹായിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *