ഫ്രാൻസിസ് ഹാൾസന് ഭൗതികശാസ്‌ത്രത്തിന് നോബൽ സമ്മാനം; അംഗീകാരം ന്യൂട്രിനോ ശാസ്‌ത്രത്തിന്

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം ബെൽജിയൻ ശാസ്‌ത്രജ്ഞനായ ഫ്രാൻസിസ് ഹാൾസന്. ലോകത്തിലെ ഏറ്റവും വലിയ ന്യൂട്രിനോ ഡിറ്റക്‌ടറായ ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സർവേറ്ററിയുടെ വികസനത്തിലും പ്രഞ്ചത്തിലെ ഉയർന്ന ഊർജമുള്ള ന്യൂട്രിനോകളുടെ കണ്ടെത്തലിനും നിർണായക സംഭാവന നൽകിയതിനാണ് അദ്ദേഹത്തിന് നോബൽ പുരസ്‌കാരം ലഭിക്കുന്നത്.

വിസ്‌കോൺസിൻ- മാഡിസൺ സർവകലാശാലയിലെ പ്രൊഫസറായ ഹാൾസൺ ന്യൂട്രിനോ ഭൗതികശാസ്‌ത്ര ഗവേഷണരംഗത്തെ പ്രമുഖ ശാസ്‌ത്രജ്ഞനാണ്. 1944ൽ ബെൽജിയത്തിലെ ടീനെനിലാണ് അദ്ദേഹം ജനിച്ചത്. അന്റാർട്ടിക്കയിലെ ദക്ഷിണധ്രുവത്തിൽ പ്രവർത്തിക്കുന്ന ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സർവേറ്ററിയുടെ രൂപകൽപ്പനയിലും വികസനത്തിലും ഹാൾസൻ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രപഞ്ചത്തിൽനിന്നെത്തുന്ന ഉയർന്ന ഊർജമുള്ള ന്യൂട്രിനോകളെ കണ്ടെത്തുന്നതിനൊപ്പം അവയുടെ ഉറവിടം തിരിച്ചറിയുന്നതാണ് ഐസ്‌ക്യൂബിന്റെ പ്രധാന ലക്ഷ്യം.

അന്റാർട്ടിക്കയിലെ സുതാര്യമായ മഞ്ഞുപാളികളെതന്നെ ന്യൂട്രിനോ ഡിറ്റ‌ക്‌‌ടറായി ഉപയോഗിക്കാമെന്ന ആശയമാണ് ഹാൾസൺ മുന്നോട്ടുവച്ചത്. ന്യൂട്രിനോകൾ മഞ്ഞിലെ കണങ്ങളുമായി അപൂർവമായി ഇടപെടുമ്പോൾ ഉണ്ടാകുന്ന പ്രകാശവ്യത്യാസങ്ങൾ കണ്ടെത്തുന്നതിനായി മഞ്ഞിനടിയിൽ ആയിരക്കണക്കിന് പ്രകാശ സെൻസറുകൾ സ്ഥാപിക്കുന്ന സംവിധാനമാണ് അദ്ദേഹം വികസിപ്പിച്ചത്. ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സർവേറ്ററി വികസിച്ചത്. ന്യൂട്രിനോകളെ പ്രപഞ്ചത്തെ നിരീക്ഷിക്കുന്നതിനുള്ള ഒരു പുതിയ ഉപാധിയായി ഉപയോഗിക്കുന്ന ന്യൂട്രിനോ ശാസ്‌ത്രത്തിന്റെ വളർച്ചയ്‌ക്കും ഹാൾസന്റെ ഗവേഷണം വഴിതുറന്നു.

Leave a Reply

Your email address will not be published. Required fields are marked *