ചെന്നൈ: പ്രശസ്ത തമിഴ് സംഗീതസംവിധായകൻ ദേവ (75) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ അടക്കം 400ലധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്ക് വേണ്ടി ഗാനങ്ങളാലപിക്കുകയും ചെയ്തു.
തനതായ ഈണങ്ങളിലൂടെയും നാടോടി ശൈലിയിലുള്ള പാട്ടുകളിലൂടെയുമാണ് ദേവ ശ്രദ്ധ നേടിയത്. 1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലും തമിഴ് സിനിമയിൽ നിറഞ്ഞു. അണ്ണാമലൈ, ബാഷ, അരുണാചലം, ഖുഷി, ആസൈ, കാതൽ കോട്ടൈ, വാലി, നിനൈത്തേൻ വന്തായി, പ്രിയമുടൻ, മലയാളത്തിലെ മമ്മൂട്ടി ചിത്രം ഫാന്റം തുടങ്ങിയവയാണ് ദേവ സംഗീത സംവിധാനം ചെയ്ത ഹിറ്റ് സിനിമകൾ. സുമ്മാ ഇരുങ്ക മച്ചാൻ, ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ, ചിന്ന രാജ, വാണി മഹൽ, അടി തടി, ഇംഗ്ലീഷ്കാരൻ, മോതി വിളയാട്, സൂര്യൻ സട്ട കല്ലൂരി എന്നീ ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തിട്ടുണ്ട് ദേവ.
തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി' പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ആസൈ' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. സംഗീത സംവിധായകൻ ശ്രീകാന്ത് ദേവ മകനാണ്. സബേഷ്, മുരളി എന്നിവരാണ് മറ്റുമക്കൾ.