ലേബലിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ; ഹോർലിക്‌സിന്റെ രണ്ട് ഉൽപ്പന്നങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നോട്ടീസ്

ന്യൂഡൽഹി: ലേബലുകളിലും പരസ്യങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നെന്ന പരാതിയിൽ ഹോർലി‌ക്‌സ് ബ്രാൻഡിന്റെ രണ്ട് ഉൽപ്പന്നങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നോട്ടീസ്. ബ്രാൻഡിന്റെ ഇന്ത്യൻ വിപണിയുടെ ഉടമസ്ഥരായ ഹിന്ദുസ്ഥാൻ യൂണിലിവറിനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്.

ഹോർലിക്‌സ് വിമൻസ് പ്ലസ് ചോക്ലേറ്റ് ന്യൂട്രീഷൻ ഡ്രിങ്ക്, ഹോർലിക്‌സ് മദേഴ്‌സ് പ്ലസ് കേസർ എന്നിവയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധിച്ചത്. ഇവയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. 400 ഗ്രാം പാക്കറ്റിലുള്ള ഹോർലിക്‌സ് വിമൻ പ്ലസ് ചോക്ലേറ്റ് ന്യൂട്രീഷൻ ഡ്രിങ്കിന്റെ ലേബലിൽ അസ്ഥികളുടെ ബലം വർദ്ധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന തരത്തിലുള്ള അവകാശവാദങ്ങളാണുള്ളത്.

'അസ്ഥികളുടെ ബലത്തിനുള്ള പോഷണം, ആറുമാസത്തിനുള്ളിൽ അസ്ഥികളുടെ ബലം മെച്ചപ്പെടുത്താൻ ക്ലിനിക്കലായി തെളിയിക്കപ്പെട്ടത്, അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു' തുടങ്ങിയ വാചകങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് കണ്ടെത്തൽ. ഉൽപ്പന്നത്തിൽ മാൾട്ടോഡെക്‌സ്‌ട്രിൻ അടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ പഞ്ചസാര ചേർത്തിട്ടില്ലെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. കൂടാതെ, പോഷകഘടകങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ പട്ടിക നിശ്ചിത മാതൃകയിൽ അവതരിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി. ഹോർലിക്‌സ് മദേഴ്‌സ് പ്ലസ് കേസർ ഉൽപ്പന്നത്തിന്റെ ലേബലിലും പരസ്യങ്ങളിലും നൽകിയ അവകാശവാദങ്ങൾക്കെതിരെയും അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.

നോട്ടീസിൽ നിർദേശിച്ച സമയപരിധിക്കുള്ളിൽ വിശദീകരണം സമർപ്പിക്കാൻ ഹിന്ദുസ്ഥാൻ യൂണിലിവറിനോട് അതോറിറ്റി ആവശ്യപ്പെട്ടു. ബ്രാൻഡുമായി ബന്ധപ്പെട്ട ലൈസൻസിംഗ് അധികൃതരോടും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോടും ബാധകമായ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *