പൂരം കലക്കൽ: നിലവിലെ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നത്, പുനഃരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരം കലക്കലിൽ പുനഃരന്വേഷണം വേണമെന്ന ആവശ്യവുമായി തിരുവമ്പാടി ദേവസ്വം. നിലവിലെ അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതാണെന്ന് ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ വിമർശിച്ചു. ദേവസ്വം ഭാരവാഹികളെയടക്കം പ്രതിചേർത്തുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി സർക്കാരിന് കൈമാറിയ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

'സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് പൂർണമായും തെറ്റാണ്. തിരുവമ്പാടി ദേവസ്വം പ്രതിനിധികളെല്ലാവരും കൂടി പൂരം കലക്കിയെന്ന് പറഞ്ഞാൽ അതൊരു തെറ്റല്ലേ? ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ആ തെറ്റുകൾ എന്താണെന്ന് ചൂണ്ടിക്കാണിച്ചാൽ അത് തിരുത്താനും ദേവസ്വം തയ്യാറാണ്. ഒരിക്കലും ദേവസ്വം പൂരം കലക്കാനോ ആതിന്റെ പ്രൗഡിക്ക് ആക്കം കുറയ്ക്കാനോ ശ്രമിക്കില്ല. അതിനാൽ ഈ റിപ്പോർട്ട് പൂർണമായും തെറ്റാണ്. ഇത് വാദിയെ പ്രതിയാക്കുന്ന രീതിയാണ്. ആടിനെ പട്ടിയാക്കുകയാണ്. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ദേവസ്വംമന്ത്രിയുമായും നാളെയോ മറ്റന്നാളോ ഇതിനെക്കുറിച്ച് സംസാരിക്കും. സത്യാവസ്ഥ അവരെ പറഞ്ഞുമനസിലാക്കും. അതിന് ശേഷം തുടർനടപടികളിലേയ്ക്ക് കടക്കും.'

പൂരം കലക്കൽ ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സ‌ർക്കാരിന് കൈമാറിയിട്ടുണ്ട്. തിരുവമ്പാടി ദേവസ്വത്തിലെ എട്ട് ഭാരവാഹികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് അനുമതി തേടിക്കൊണ്ടുള്ള റിപ്പോർട്ടാണ് ആഭ്യന്തരവകുപ്പിന് സമർപ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, കലാപാഹ്വാനം ഉൾപ്പെടെ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ പൂരം കലക്കലിൽ ആരോപണവിധേയനായ എഡിജിപി എംആർ അജിത് കുമാറിന്റെ പങ്കിനെക്കുറിച്ച് റിപ്പോർട്ടിൽ യാതൊരു പരാമർശവുമില്ല.

2024 ഒക്ടോബറിലാണ് പിണറായി വിജയൻ സർക്കാർ ഈ അന്വേഷണം പ്രഖ്യാപിച്ചത്. പൂരം കലക്കാൻ ആർഎസ്എസുമായി എംആ‌ർ അജിത് കുമാർ ഗൂഢാലോചന നടത്തിയെന്ന് അന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപിച്ചിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മുൻ ഡിജിപി ദർവേഷ് സാഹിബ് മുൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായിരുന്നില്ല. ഇതിനിടയിലാണ് തിരുവമ്പാടി ദേവസ്വത്തിന്റെ വീഴ്ചകൾ മാത്രം ചൂണ്ടിക്കാട്ടിയുള്ള പുതിയ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *